1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2019

സ്വന്തം ലേഖകന്‍: കണ്ണൂരില്‍ സംഘര്‍ഷം ഒഴിയുന്നില്ല; എ.എന്‍.ഷംസീര്‍ എംഎല്‍എയുടെയും പി.ശശിയുടെയും വി.മുരളീധരന്‍ എംപിയുടെയും വീടിന് നേരെ ബോംബേറ്; അടൂര്‍ താലൂക്കില്‍ നിരോധനാജ്ഞ. എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ രാത്രിയാണ് ബോംബേറുണ്ടായത്. തലശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ ഷംസീറിന്റെ കുടുംബം വീട്ടിലുണ്ടായിരുന്നു. ബോംബേറില്‍ കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് വിവരം. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.

സിപിഐഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ വീടിനുനേരെയും രാത്രിയില്‍ ബോംബേറുണ്ടായി. തലശ്ശേരി കോടതിക്കു സമീപത്തെ വീടാണു ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. ശശി ഈ സമയം വീട്ടിലില്ലായിരുന്നു. ഇരിട്ടിയില്‍ സിപിഐഎം പ്രവര്‍ത്തകനു വെട്ടേറ്റു. പെരുമ്പറമ്പിലെ വി.കെ.വിശാഖിനാണ് (28 ) വെട്ടേറ്റത്. വിശാഖിനെ ആശുപത്രിയിലേക്കു മാറ്റി.

ഷംസീറിന്റെ വീടിനു നേരെയുണ്ടായ ബോംബേറ് അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വീടിനു നേരെ നടന്ന ബോംബാക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ഷംസീര്‍ ആരോപിച്ചു. കേരളത്തില്‍ ആസൂത്രിതമായി കലാപം ഉണ്ടാക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.

തലശ്ശേരിയിലെ ചെറിയ കേന്ദ്രത്തില്‍ മാത്രമാണു സംഘര്‍ഷം. ഇത് പരിഹരിക്കാന്‍ തന്റെ കൂടി മുന്‍കയ്യിലാണ് എസ്പിയുടെ അധ്യക്ഷതയില്‍ സിപിഎം ആര്‍എസ്എസ് നേതൃത്വങ്ങളുമായി സമാധാന ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ച നടന്നുകൊണ്ടിരിക്കെയാണു വീട്ടിലേക്കു ബോംബെറിഞ്ഞതെന്നും ഷംസീര്‍ പറഞ്ഞു.

അതേസമയം ബിജെപി എംപി വി.മുരളീധരന്റെ തലശേരിയിലെ തറവാട് വീടിനു നേരെയും ബോംബേറുണ്ടായി. എരഞ്ഞോളി വാടിയില്‍ പീടികയിലെ വീട്ടിന് നേരെയാണ് ബോംബേറുണ്ടായത്. അക്രമം നടക്കുമ്പോള്‍ എംപിയുടെ പെങ്ങളും ഭര്‍ത്താവും ആണ് വീട്ടിലുണ്ടായിരുന്നത്. ഷംസീറിന്റെയും പി ശശിയുടെയും വീടിന് നേരെ ബോംബേറുണ്ടായതിന് പിന്നാലെയാണ് മുരളീധരന്റെ വീടും ആക്രമിക്കപ്പെട്ടത്.

കഴിഞ്ഞ ദിവസമുണ്ടായ ഹര്‍ത്താല്‍ മുതല്‍ വ്യാപകമായി തലശേരിയില്‍ സിപിഐഎം ബിജെപി നേതാക്കളുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബിജെപിയുടെ ജില്ലാ സെക്രട്ടറി എ എന്‍ ഹരിദാസിന്റെ വീടിന് നേരെ ആക്രമണമുണ്ടായി.

അതിനിടെ അടൂര്‍ താലൂക്കില്‍ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പന്തളം ഡിവൈഎസ്പിയുടെ പരിധിയില്‍ വരുന്ന കൊടുമണ്‍, അടൂര്‍, പന്തളം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. സംഘം ചേരുന്നതിനും പ്രതിഷേധ പ്രകടനം നടത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി.

കഴിഞ്ഞ ദിവസം സിപിഐഎം ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും കടകള്‍ക്ക് നേരെയും പടക്കമേറും അക്രമണവും ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പത്തനംതിട്ട എസ്പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്റ്റര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

പട്ടാപ്പകല്‍ മൊബൈല്‍ കടയ്ക്ക് നേരെ ബോംബേറുണ്ടായി. കടയിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരുക്കേറ്റു. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി ഡി ബൈജുവിന്റേതടക്കം അമ്പതിലേറെ വീടുകള്‍ ആക്രമിക്കപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.