സ്വന്തം ലേഖകന്‍: കറാച്ചിയിലെ ഓട്ടോ ഡ്രൈവറുടെ ബാങ്ക് അക്കൗണ്ട് വഴി നടന്നത് 300 കോടിയുടെ ഇടപാട്; അന്വേഷണവുമായി പാക് സര്‍ക്കാര്‍. കറാച്ചി സ്വദേശിയായ മുഹമ്മദ് റഷീദ് 2005ല്‍ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി നോക്കുമ്പോള്‍ തുടങ്ങിയ സാലറി അക്കൗണ്ട് വഴിയാണ് ഇടപാട് നടന്നിരിക്കുന്നത്. ഈ ജോലി റഷീദ് പിന്നീട് ഉപേക്ഷിച്ചു. മുന്നൂറ് കോടി രൂപ എന്നത് തനിക്ക് ഒരു സ്വപ്നം മാത്രമാണെന്നും ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു ലക്ഷം രൂപ ഒന്നിച്ച് താന്‍ കണ്ടിട്ടില്ലെന്നും റഷീദ് വ്യക്തമാക്കി.
റഷീദിന്റെ ബാങ്ക് അക്കൗണ്ട് വഴി നടന്ന 300 കോടിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ട് പാക് അന്വേഷണ ഏജന്‍സി റഷീദിനെ സമീപിച്ചപ്പോഴാണ് സംഭവം പുറത്തായത്.
പാകിസ്താനിലെ ഫെഡറല്‍ ഇന്വെസ്റ്റിക്കേഷന് ഏജന്‍സിയാണ് റഷീദിനോട് വിശദീകരണം ആവശ്യപ്പെട്ടത്. ഭയന്നുപോയ റഷീദിനോട് ഉടന്‍ തങ്ങളുടെ ഓഫീസില്‍ എത്താന്‍ എഫ്.ഐ.എ ആവശ്യപ്പെട്ടു.
ഇടപാടിനെ കുറിച്ച് അറിയില്ല എന്നു പറഞ്ഞ റഷീദിന് തന്റെ ബാങ്ക് അക്കൗണ്ട് വഴി നടത്തിയ ഇടപാടിന്റെ രേഖകള്‍ എഫ്.ഐ.എ ഉദ്യോഗസ്ഥര്‍ കാണിച്ച് കൊടുത്തു. മുന്‍ കമ്പനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിന്റെ പേര് പോലും ഓര്‍ത്തെടുക്കാന്‍ റഷീദിന് കഴിഞ്ഞില്ല. താനും കുടുംബവും വാടക വീട്ടിലാണ് താമസിക്കുന്നതെന്നും രണ്ട് അറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുകയാണെന്നും റഷീദ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
സുപ്രീം കോടതി ദുരൂഹമായ പണ ഇടപാടുകള്‍ അന്വേഷിക്കാനായി പ്രത്യേക സംഘം രൂപവത്കരിച്ച ശേഷമാണ് ഇത്തരം അംഭവങ്ങള് കൂടുതലായി പുറത്തു വരുന്നത്. നിരന്തര ഉപയോഗം ഇല്ലാത്ത സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകളാണ് ദുരുപയോഗപ്പെടുന്നത്. ഇത്തരം ഇടപാടുകളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല