1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2020

സ്വന്തം ലേഖകൻ: ലോകത്തിന് മുന്നിൽ തന്നെ മാതൃകയായ രക്ഷാപ്രവർത്തനം. കഴിഞ്ഞദിവസം കരിപ്പൂരിൽ നടന്നത് അതാണ്. തകർന്നുവീണ് കിടക്കുന്നത് ഒരുവിമാനമാണെന്നോ കൊവിഡിന്റെ കാലമാണെന്നോ എന്നൊന്നും ആ നാട്ടുകാർക്ക് അപ്പോൾ ചിന്തിക്കാനായിരുന്നില്ല. മതിലിനപ്പുറത്ത് നിന്ന് കേൾക്കുന്ന നിലവിളിയും ഒച്ചപ്പാടുകളുമായിരുന്നു അവരുടെ ആശങ്ക.

നിലവിളിയും കൂട്ടക്കരച്ചിലും കേട്ടപ്പോൾ ഒന്നും നോക്കിയില്ല, കൊവിഡും മഴയുമൊന്നും അപ്പോൾ ഇവർക്ക് മുന്നിൽ തടസമായതുമില്ല. മറ്റൊന്നും ചിന്തിക്കാതെ വിമാനത്താവളത്തിന്റെ പിൻവശത്തെ ഗേറ്റ് തള്ളിത്തുറന്ന് നാട്ടുകാരും രക്ഷാപ്രവർത്തകരും ഒന്നടങ്കം അകത്തേക്ക് കടന്നു. വൻ അപകടമായതിനാൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്കും അത് തടയാനാകുമായിരുന്നില്ല.

ആദ്യകാഴ്ച കണ്ട് മരവിച്ചെങ്കിലും പിന്നീട് എണ്ണയിട്ട യന്ത്രങ്ങൾ പോലെ അവരൊന്നായി. കൈമെയ് മറന്ന് വിമാനത്തിനുള്ളിൽപ്പെട്ടവരെ പുറത്തെടുത്തു. ചലനമറ്റവരെ കണ്ട് ഹൃദയം നുറുങ്ങിയെങ്കിലും മനസും ശരീരവും തളർന്നില്ല. ഒടുവിൽ രണ്ട് മണിക്കൂറിനുള്ളിൽ അപകടത്തിൽപ്പെട്ട വിമാനത്തിലുള്ളവരെ പുറത്തെടുത്ത് ആ ജനക്കൂട്ടം വിമാനത്താവള പരിസരത്ത് നിന്ന് വിടവാങ്ങി. ആരുടെയും അനുമോദനമോ അഭിനന്ദനമോ അല്ല, പുറത്തെടുത്തവർ ജീവനോടെയുണ്ടെന്ന വാർത്ത കേൾക്കാനായിരുന്നു അവർക്ക് ആഗ്രഹം. പക്ഷേ, അതിൽ ചിലരെല്ലാം മരണപ്പെട്ടെന്ന് കേട്ടപ്പോൾ ഉള്ളുതേങ്ങി കരഞ്ഞു.

രണ്ട് മണിക്കൂറിനുള്ളിൽ രക്ഷാപ്രവർത്തനം പൂർത്തിയായി. വിമാനത്തിന്റെ എൻജിൻ ഓഫ് ചെയ്തിരുന്നെങ്കിലും ഇന്ധനച്ചോർച്ചയുണ്ടെന്ന് അധികൃതർ പറഞ്ഞിരുന്നു. കഴിഞ്ഞ നവംബറിൽ വിമാനത്താവളത്തിലെ മോക്ഡ്രില്ലിൽ പങ്കെടുത്തത് ഏറെ സഹായകമായെന്ന് നാട്ടുകാർ പറയുന്നു. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ, അഗ്നിരക്ഷാസേന, പോലീസ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ കൂട്ടായ പരിശ്രമവും തുണയായി.

അപകടത്തിൽ മരിച്ച ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ നിലവിൽ ക്വാറന്റീനിലാണ്. ഇവർക്കുള്ള ക്വാറന്റീൻ സൗകര്യവും കൊണ്ടോട്ടിയിലെ സ്കൂളുകളിലും പള്ളികളിലും ഒരുക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തകരെല്ലാം ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.