1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2018

സ്വന്തം ലേഖകന്‍: കര്‍ണാടക ആര്‍ക്കെന്ന് ഇന്നറിയാം; സുപ്രീം കോടതി വിധിപ്രകാരം 4 മണിക്ക് വിശ്വാസവോട്ട്; പ്രോട്ടെം സ്പീക്കര്‍ നിയമനവും കോടതി കയറുന്നു. വ്യാഴാഴ്ച അധികാരമേറ്റ യെഡിയൂരപ്പയ്ക്കു ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ വാജുഭായി വാല അനുവദിച്ച 15 ദിവസം വെട്ടിച്ചുരുക്കി സുപ്രീം കോടതി വിധി വന്നതോടെയാണിത്. തിങ്കളാഴ്ച വരെ സാവകാശം വേണമെന്ന ബിജെപിയുടെ ആവശ്യം ജഡ്ജിമാരായ എ.കെ.സിക്രി, എസ്.എ.ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക ബെഞ്ച് തള്ളി.

ഇന്നുതന്നെ വോട്ടെടുപ്പ് വേണമെന്ന കോണ്‍ഗ്രസ്ജനതാദള്‍ (എസ്) ആവശ്യം അംഗീകരിച്ചാണു കോടതിനടപടി. ഇന്ന് പതിനൊന്ന് മണിമുതല്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ. അതിന് ശേഷം നാല് മണിക്കാണ് വിസ്വാസ വോട്ടെടുപ്പ്. വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ വിധാന്‍ സൗധയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ രാത്രി 12 വരെയാണ് നിരോധനാജ്ഞ.

ഇതിനിടെ സഭാനടപടികള്‍ക്കു നേതൃത്വംനല്‍കാന്‍ ബിജെപി അംഗം കെ.ജി.ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി തിരഞ്ഞെടുത്തുള്ള ഗവര്‍ണറുടെ നടപടിക്കെതിരെ രാത്രിതന്നെ കോണ്‍ഗ്രസും ജെഡിഎസും സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി നല്‍കി. ഇത് ഇന്നു രാവിലെ 10.30നു പരിഗണിക്കും. കോണ്‍ഗ്രസിന് വേണ്ടി അഡ്വക്കറ്റ് ദേവദത്ത് കാമത്ത് ആണ് സുപ്രീംകോടതിയില്‍ ഹാജരായത്.

പ്രോടെം സ്പീക്കറായി മുതിര്‍ന്ന എം.എല്‍.എയെ ആണ് നിയമിക്കേണ്ടതെന്നും മുതിര്‍ന്ന എം.എല്‍.എ കോണ്‍ഗ്രസ് പാര്‍ട്ടിയിലാണുള്ളതെന്നും ഹര്‍ജിയില്‍ പറയുന്നു. യെദ്യൂരപ്പയുടെ വലം കൈയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി നിയമിച്ചത് വിശ്വാസ വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്നും കോണ്‍ഗ്രസും ജെഡിഎസും ഹര്‍ജിയില്‍ ആരോപിക്കുന്നു. അതേസമയം രാത്രിയിലെത്തിയ ചില അഭിഭാഷകര്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോടതി പരിസരത്ത് വാക്കേറ്റവുമുണ്ടായി.

സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. വോട്ടെടുപ്പിന് രഹസ്യബാലറ്റ് വെണമെന്ന ബിജെപിയുടെ ആവശ്യവും കോടതി തള്ളി. സര്‍ക്കാരുണ്ടാക്കാന്‍ തങ്ങള്‍ക്കാണു ഭൂരിപക്ഷമെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. തുടര്‍ന്നായിരുന്നു മുന്‍ സ്പീക്കറും വീരാജ്‌പേട്ട് എം.എല്‍.എയുമായ കെ.ജി ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി നിയമിച്ചത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.