1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2018

സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; രാഹുല്‍ ഗാന്ധിയും അമിത്ഷായും തമ്മില്‍ ട്വിറ്റര്‍ യുദ്ധം. ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ട്വിറ്ററില്‍ വാക് പോരുമായി രാഹുല്‍ ഗാന്ധിയും അമിത്ഷായും. ജനാധിപത്യത്തിന്റെ തോല്‍വിയില്‍ രാജ്യം വിലപിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കോണ്‍ഗ്രസ് ജെഡിഎസിന് മോഹനവാഗ്ദാനം നല്‍കിയ നിമിഷത്തില്‍ ഇന്ത്യന്‍ ജനാധിപത്യം കൊലചെയ്യപ്പെട്ടെന്ന് അമിത്ഷാ തിരിച്ചടിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് ട്വിറ്റര്‍ പോരിന് തുടക്കമിട്ടത്. കേവലഭൂരിപക്ഷം പോലുമില്ലാത്ത കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപിയുടെ ശ്രമം യുക്തിക്ക് നിരക്കാത്ത വാശി മാത്രമാണ്. ഭരണഘടനയെ കൊഞ്ഞനം കുത്തുകയാണ് ബിജെപി. പൊള്ളയായ വിജയം ബിജെപി ആഘോഷിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ പരാജയത്തില്‍ ഇന്ത്യ വിലപിക്കുകയായിരുന്നെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ ഭരണഘടന ആക്രമിക്കപ്പെട്ടെന്നും കര്‍ണ്ണാടകയില്‍ ഒരു വശത്ത് എംഎല്‍എമാരും മറ്റുവശത്ത് ഗവര്‍ണറുമെന്ന് രാഹുല്‍ ആരോപിച്ചു. 100 കോടി വീതം ജെഡിഎസ് എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തതായി ജെഡിഎസ് പറഞ്ഞതായും രാഹുല്‍ ആരോപിച്ചു.

രാഹുല്‍ ട്വീറ്റ് ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ബിജെപി അധ്യക്ഷന്റെ മറുപടിയെത്തി. ജനാധിപത്യം കൊലചെയ്യപ്പെട്ടത് നിരാശപൂണ്ട കോണ്‍ഗ്രസ് അവസാരവാദികളായ ജെഡിഎസിന് കൈ നല്‍കിയ നിമിഷത്തിലാണെന്ന് അമിത്ഷാ പ്രതികരിച്ചു. കര്‍ണാടകയുടെ ക്ഷേമമല്ല കേവല രാഷട്രീയ ലാഭമാണ് അവരുടെ ലക്ഷ്യം. അടിയന്തിരാവസ്ഥ കൊണ്ടുവന്ന് കോടതികളേയും മാധ്യമങ്ങളേയും പൊതുസമൂഹത്തേയും അടിച്ചമര്‍ത്തിയ സ്വന്തം പാര്‍ട്ടിയുടെ മഹത്തായ പാരമ്പര്യം രാഹുല്‍ഗാന്ധി മറക്കരുതെന്നും അമിത്ഷാ പരിഹസിച്ചു. കര്‍ണാടക ജനവിധി ആര്‍ക്കാപ്പമാണെന്ന് ചോദ്യത്തിലൂടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളെ അമിത് ഷാ ന്യായീകരിക്കുകയും ചെയ്തു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.