1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2018

സ്വന്തം ലേഖകന്‍: കര്‍ണാടകത്തില്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ രാജ്യത്തെ ബിജെപി വിരുദ്ധ കൂട്ടായ്മക്ക് വേദിയാകും; ആശങ്കയൊഴിയാതെ കോണ്‍ഗ്രസ്, ജെ.ഡി.എസ് ക്യാംപ്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിപക്ഷ നേതാക്കളുടെ ഒത്തുചേരലിനാണ് ബംഗളൂരു ഒരുങ്ങുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, ബി.എസ്.പി നേതാവ് മായാവതി, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങി പ്രമുഖരുടെ നിരതന്നെ സത്യപ്രതിജ്ഞ ചടങ്ങിന് എത്തുന്നുണ്ട്.

കര്‍ണാടകത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പൊടുന്നനെ രൂപപ്പെട്ട കോണ്‍ഗ്രസ്‌ജെ.ഡി.എസ് സഖ്യം ബി.ജെ.പിയിതര പ്രതിപക്ഷ നിരയില്‍ പുതിയ ഉണര്‍വ് ഉണ്ടാക്കിയിട്ടുണ്ട്. നേതാവ് ആരായിരിക്കണമെന്ന പ്രധാന വിഷയത്തിന് ഉത്തരം തേടുമ്പോള്‍ തന്നെ, ബി.ജെ.പിയെ അധികാരത്തില്‍നിന്നു താഴെയിറക്കാന്‍ യോജിച്ച നീക്കം വേണമെന്ന കാഴ്ചപ്പാട് എല്ലാവര്‍ക്കുമുണ്ട്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മറ്റു പാര്‍ട്ടികള്‍ അംഗീകരിക്കണമെന്ന താല്‍പര്യമാണ് കോണ്‍ഗ്രസിന്‍േറത്.

എന്നാല്‍, മമത മായാവതി തുടങ്ങി ഓരോ പാര്‍ട്ടികളും സ്വീകരിക്കുന്ന നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും.
അതേസമയം കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ബി.ജെ.പി. നീക്കം പരാജയപ്പെട്ടെങ്കിലും കോണ്‍ഗ്രസ്, ജനതാദള്‍എസ് എം.എല്‍.എ.മാര്‍ ഇപ്പോഴും ഹോട്ടലില്‍ തന്നെ തങ്ങുകയാണ്. ബെംഗളൂരു നഗരത്തിലെ രണ്ട് ഹോട്ടലുകളിലായി ഇവരെ താമസിപ്പിച്ചിരിക്കുകയാണ്. എം.എല്‍.എ.മാരുടെ ബന്ധുക്കളെപ്പോലും കടത്തിവിടുന്നില്ല. ഹോട്ടലില്‍ എത്തുന്ന മറ്റുള്ളവരെയാകട്ടെ കര്‍ശന സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുന്നുമുണ്ട്. വിശ്വാസവോട്ട് കഴിയുന്നതുവരെ ഇത് തുടരുമെന്നാണ് സൂചന.

ജനതാദള്‍എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പിറ്റേന്നുതന്നെ വിശ്വാസവോട്ട് തേടാനാണ് തീരുമാനം. സത്യപ്രതിജ്ഞ വിപുലമായി നടത്താനുള്ള തിരുമാനം ഉപേക്ഷിച്ചിട്ടുണ്ട്. ബി.ജെ.പി.യേക്കാള്‍ കോണ്‍ഗ്രസ്ദള്‍ സഖ്യത്തിന് 13 എം.എല്‍.എമാര്‍ കൂടുതലുണ്ട്. എന്നാല്‍, അംഗങ്ങളെ അടര്‍ത്തിയെടുക്കാനുള്ള നീക്കം ബി.ജെ.പി. ഉപേക്ഷിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അനുകൂല അവസരംവന്നാല്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമംനടത്തുമെന്ന് ബി.ജെ.പി. പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.