1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2018

സ്വന്തം ലേഖകന്‍: കരുണാനിധിയുടെ നില ഗുരുതരം; ആശുപത്രിയിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒഴുക്ക്. ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതായാണ് റിപ്പോര്‍ട്ടുകള്‍. തീവ്ര പരിചരണവിഭാഗത്തില്‍ ചികില്‍സ തുടരുന്നുണ്ടെങ്കിലും പ്രായാധിക്യം കാരണം മരുന്നുകളോടുള്ള പ്രതികരണം ആശാവഹമല്ലെന്നും അദ്ദേഹത്തെ ചികില്‍സിക്കുന്ന കാവേരി ആശുപത്രിയുടെ മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു.

24 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷമേ എന്തെങ്കിലും പറയാനാകൂവെന്നാണ് ബുള്ളറ്റിന്‍ വ്യക്തമാക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് 6.30നാണ് ബുള്ളറ്റിന്‍ പുറത്തിറക്കിയത്. ആശുപത്രിയില്‍ കഴിയുന്ന കരുണാനിധിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്നു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച വൈകീട്ട് അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നു കാട്ടി മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തുവന്നത്.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ആശുപത്രിയിലെത്തിയ തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.തിരുനാവുക്കരശാണ് കരുണാനിധിയുടെ നില വീണ്ടും വഷളായെന്ന സൂചന നല്‍കിയത്. ഇതോടെ ആശുപത്രിപരിസരം ഡിഎംകെ പ്രവര്‍ത്തകരെ കൊണ്ടു നിറഞ്ഞു. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളും ആശുപത്രിയിലെത്തി. ജൂലൈ 29 ന് കരുണാനിധി ആശുപത്രിയിലായ ശേഷം ഇതാദ്യമായാണ് ദയാലു അമ്മാള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയത്.

മകന്‍ എം.കെ. തമിഴരശിന്റെ സഹായത്തോടെ വീല്‍ചെയറിലായിരുന്നു ദയാലു അമ്മാളുടെ സന്ദര്‍ശനം. വൈകിട്ട് ആശുപത്രി കവാടത്തില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ എത്തിയതോടെ ടിടികെ റോഡില്‍ ഗതാഗത തടസവുമുണ്ടായി. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ചലച്ചിത്രതാരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍, വിജയ് തുടങ്ങിയവര്‍ അദ്ദേഹത്തെ കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.