1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2019

സ്വന്തം ലേഖകന്‍: കാസര്‍കോട് ഇരട്ട കൊലപാതകം; അന്വേഷണത്തിന് കര്‍ണാടക പൊലീസിന്റെയും സഹായം തേടി; കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു; സിപിഎം പ്രതിരോധത്തില്‍; ഉമ്മന്‍ചാണ്ടി കൊല്ലപ്പെട്ടവരുടെ വീട്ടിലേക്ക്. കാസര്‍കോട് ഇരട്ട കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കസ്റ്റഡിയിലുള്ള രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

പ്രതികള്‍ ബംഗളൂരുവിലേക്ക് കടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണത്തിന് കര്‍ണാടക പൊലീസിന്റെയും സഹായം തേടിയിട്ടുണ്ട്. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന എഫ്.ഐ.ആര്‍ സര്‍ക്കാറിനെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കുന്നതാണ് . തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിസന്ധി എങ്ങനെ നേരിടുമെന്ന ആശയ കുഴപ്പത്തിലാണ് സി.പി.എം.

അതിനിടെ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്ന ജോഷി എന്നിവരുടെ മൃതദേഹം സംസ്‌കരിച്ചു. കല്യോട്ട് കൂരാങ്കരയില്‍ തയ്യാറാക്കിയ പ്രത്യേക സ്ഥലത്ത് അടുത്തടുത്തായാണ് ശരത്‌ലാലിന്റേയും കൃപേഷിന്റേയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. സംസ്‌ക്കാര ചടങ്ങില്‍ ഇരുവരുടേയും കൂട്ടുകാരും ബന്ധുക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തരും പങ്കെടുത്തു.

പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഒരുമണിയോടെയാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. വിലാപയാത്രയില്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരനും ടി. സിദ്ധിഖും അടക്കമുള്ള നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും അനുഗമിച്ചിരുന്നു. മൃതദേഹങ്ങള്‍ വഹിച്ചുള്ള വിലാപയാത്ര കടന്നുപോയതിന് പിന്നാലെ കല്യോട്ട് വ്യാപക ആക്രമണം നടന്നു.

ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ വലിയ സംഘര്‍ഷാവസ്ഥയാണ് കല്യോട്ടും പരിസരപ്രദേശങ്ങളിലും നിലനില്‍ക്കുന്നത്. ഇവിടെ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ വീട് ഉമ്മന്‍ചാണ്ടി ഇന്ന് സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ശേഷമായിരിക്കും പെരിയ കല്യോട്ടെ കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീട്ടിലെത്തുക. ഉമ്മന്‍ചാണ്ടിക്കൊപ്പം കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സനും ഉണ്ടാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.