1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2019

സ്വന്തം ലേഖകന്‍: നമ്മുടെ വിധി ഇങ്ങനെയായല്ലോയെന്ന് കൃഷ്ണന്‍; അവര്‍ക്കവരുടെ മക്കള്‍ മാത്രം സ്വസ്ഥമായി ജീവിച്ചാല്‍ മതിയെന്ന് സത്യനാരായണന്‍; കാസര്‍ഗോഡ് കൊല്ലപ്പെട്ട മക്കളുടെ വിയോഗത്തില്‍ നെഞ്ചുരുകുന്ന രണ്ട് അച്ഛന്മാരെയും ചേര്‍ത്ത് പിടിച്ച് കൊല്ലപ്പെട്ട ഷുഹൈബിന്റെ പിതാവ്; കൃപേഷിന്റെ കുടുംബം സന്ദര്‍ശിച്ച മുല്ലപ്പള്ളി പൊട്ടിക്കരഞ്ഞു; കാസര്‍കോട് ഇരട്ടക്കൊലപാതത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോര്‍ട്ട് തേടി. സംസ്ഥാനത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകം അരങ്ങേറി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കൊല്ലപ്പെട്ട പെരിയ കല്ല്യോട്ടെ കൃപേഷിന്റെ അച്ഛന്‍ പി.വി. കൃഷ്ണന്‍, ശരത്‌ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍, മട്ടന്നൂര്‍ എടയന്നൂരിലെ ഷുഹൈബിന്റെ ഉപ്പ എസ്പി. മുഹമ്മദ് എന്നിവര്‍ കഴിഞ്ഞ ദിവസം ഒന്നിച്ചു.

മാസങ്ങള്‍ക്ക് മുന്‍പ് ക്രൂരമായി കൊല്ലപ്പെട്ട ഷുഹൈബിന്റെ പിതാവാണ് മുഹമ്മദ്. വെറും ഒരുമുറി മാത്രമുള്ള കൃപേഷിന്റെ വീട്ടിലേക്കാണ് മുഹമ്മദ് ആദ്യം എത്തിയത്. ഇനി എന്ത് ചെയ്യുമെന്നറിയാതെ വീടിന്റെ ഷെഡിന്റെ മുന്‍പില്‍ കരഞ്ഞ് തളര്‍ന്നിരിക്കുന്ന കൃഷ്ണനോട് ആദ്യം എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് നിറകണ്ണുകളോടെ നിന്ന മുഹമ്മദിന് അറിയില്ലായിരുന്നു. ഒപ്പം വന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷുഹൈബിന്റെ ഉപ്പയാണെന്ന് കൃഷ്ണനോട് പറഞ്ഞപ്പോള്‍ മുഹമ്മദിന്റെ കൈകള്‍ അദ്ദേഹം ചേര്‍ത്തു പിടിച്ചു.

ശരത്‌ലാലും ഷുഹൈബിനെപ്പോലെ തന്നെയായിരുന്നെന്നു മുഹമ്മദിനെക്കണ്ടപ്പോള്‍ ബന്ധുക്കള്‍ ഓര്‍ത്തെടുത്തു. നാട്ടിലെ എല്ലാ ആവശ്യങ്ങളിലും മുന്നിലുണ്ടായിരുന്നു. അവനെയൊന്നു കാണാന്‍ പോലും കിട്ടാറുണ്ടായിരുന്നില്ലെന്നു പറഞ്ഞു ശരത്തിന്റെ അച്ഛന്‍ സത്യനാരായണന്‍ കരഞ്ഞു. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ അച്ഛന്‍ പി.വി. കൃഷ്ണന്‍ സിപിഐഎം അനുഭാവിയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും കൃപേഷിനെ അച്ഛന്‍ തടഞ്ഞിരുന്നതുമില്ല.

ഏകദേശം ഒരു വര്‍ഷം മുന്‍പ് കല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു ഫണ്ട് അനുവദിച്ച കെ.കുഞ്ഞിരാമന്‍ എംഎല്‍എയ്ക്ക് അഭിവാദ്യമര്‍പ്പിച്ചു സ്‌കൂളിനു മുന്‍പില്‍ സ്ഥാപിച്ച ഫ്‌ളെക്‌സ് ബോര്‍ഡ് ചിലര്‍ എടുത്തുമാറ്റിയിരുന്നു. അതാണു കഴിഞ്ഞ ദിവസം കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകത്തില്‍ കലാശിച്ച സംഘര്‍ഷ പരമ്പരയ്ക്ക് തുടക്കമിട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൃപേഷിനെയും ശരത് ലാലിനെയും അവസാനമായി കാണാനും അന്തിമോപചാരമര്‍പ്പിക്കാനും പാതയോരങ്ങളില്‍ കണ്ണീരോടെ കാത്തിരുന്നത് ആയിരങ്ങളാണ്. പരിയാരത്തു നിന്നുള്ള വിലാപ യാത്ര മുതല്‍ സംസ്‌കാര ചടങ്ങുകള്‍ തീരും വരെ ഇടമുറിയാതെ ജനമെത്തി.ഇരുവരും ആക്രമിക്കപ്പെട്ടതിനു തൊട്ടടടുത്തുള്ള ഭൂമിയിലാണ് ചിതയൊരുക്കിയത്. ശരത്‌ലാലിന്റെ പിതൃസഹോദരന്‍ ഗോവിന്ദന്റെ ഉടമസ്ഥതയില്‍ കല്ല്യോട്ട് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപത്തുള്ള ഭൂമിയില്‍ നിന്ന് ഒരു സെന്റ് ഇതിനു വേണ്ടി കോണ്‍ഗ്രസിനു കൈമാറുകയായിരുന്നു.

പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നു പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ മൃതദേഹം കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ കെ.സുധാകരനും കൊടിക്കുന്നില്‍ സുരേഷും ഏറ്റുവാങ്ങി പാര്‍ട്ടി പതാക പുതപ്പിച്ചു. പിന്നീട് 2 ആംബുലന്‍സുകളിലായി മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര പുറപ്പെട്ടു. പയ്യന്നൂര്‍ ടൗണിലായിരുന്നു ആദ്യ പൊതുദര്‍ശനം. നൂറു കണക്കിന് ആളുകളാണ് ജില്ലാ അതിര്‍ത്തിയായ ഒളവറയില്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയിരുന്നത്.

തൃക്കരിപ്പൂരിലെ പൊതുദര്‍ശനത്തിനു ശേഷം കാലിക്കടവിലെത്തിയപ്പോള്‍ അവിടെയും വന്‍ജനാവലി കാത്തുനിന്നു. 2.30ന് സിപിഎം ശക്തികേന്ദ്രമായ ചെറുവത്തൂരിലേക്ക് വിലാപയാത്രയെത്തി. നൂറു കണക്കിനാളുകള്‍ ഇവിടെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. കോണ്‍ഗ്രസ് ശക്തി കേന്ദ്രമായ മയിച്ചയിലും ആയിരങ്ങള്‍ തടിച്ചുകൂടി. പെരിയ കല്യോട്ട് സ്വദേശികളും യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരും ആയിരുന്ന കൃപേഷ്, ശരത് ലാല്‍ എന്നിവരാണ് ഞായറാഴ്ച കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാത്രി എട്ടുമണിയോടെ കാസര്‍കോട് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവെച്ചാണ് ഇരുവരേയും വെട്ടിക്കൊന്നത്. അതേസമയം, ഇരട്ടക്കൊലപാതക കേസില്‍ യോഗം ചേര്‍ന്ന അന്വേഷണ സംഘം കേസിന്റെ പുരോഗതിയും മൊഴികളിലെ വൈരുധ്യങ്ങളും പരിശോധിച്ചു വിലയിരുത്തി. അതിനിടെ കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെ പരാതിയിലാണ് നടപടി.

അതിനിടെ കൃപേഷിന്റെ സഹോദരിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ നിയന്ത്രണം വിട്ടുപോയെന്ന് മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. കാസര്‍ഗോഡ് കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബം സന്ദര്‍ശിച്ച് പൊട്ടിക്കരഞ്ഞ സംഭവത്തില്‍ വിശദീകരണം നല്‍കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍.

‘കഴിഞ്ഞ അമ്പത് വര്‍ഷമായി കൊലപാതകങ്ങളില്‍ അന്ത്യമോപചാരമര്‍പ്പിക്കാന്‍ ഞാന്‍ പോകാറുണ്ട്. വല്ലാത്ത ഹൃദയഭാരത്തോടെയാണ് കൃപേഷിന്റെ വീട്ടില്‍ പോയത്. ആ വീട്ടിലെ ദുഖം വല്ലാതെ മനസ്സിനെ പിടിച്ചുകുലുക്കി. പൂര്‍ണ്ണമായി സംയമനം പാലിക്കുകയും ധൈര്യത്തോടെ കാര്യങ്ങളെ നോക്കിക്കാണുകയും ചെയ്യുന്ന ആളായിരുന്നു ഞാന്‍. എന്നാല്‍ കൃപേഷിന്റെ സഹോദരിയെ കണ്ടപ്പോള്‍ എന്റെ സഹോദരിയുടെ മകളായോ എന്റെ മകളായോ എനിക്ക് കാണാന്‍ സാധിച്ചുള്ളൂ,’ മുല്ലപ്പള്ളി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.