1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2019

സ്വന്തം ലേഖകന്‍: കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് പീതാംബരന്‍; കൊലപാതകത്തില്‍ പീതാംബരന് നേരിട്ട് പങ്കുണ്ടെന്ന് മൊഴി; അപമാനം സഹിക്കാനാകാതെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും വെളിപ്പെടുത്തല്‍. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റേയും കൊലപാതകത്തില്‍ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പീതാംബരന് നേരിട്ട് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് പീതാംബരനാണെന്ന് കസ്റ്റഡിയിലുള്ളവര്‍ മൊഴി നല്‍കിയതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് അപമാനം സഹിക്കാനാകാതെയെന്ന് പീതാംബരന്‍ മൊഴി നല്‍കിയതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തനിക്കെതിരെ ആക്രമണമുണ്ടായിട്ടും പാര്‍ട്ടി അര്‍ഹമായ പരിഗണന നല്‍കിയില്ല. ഇക്കാരണത്താലാണ് സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊല ആസൂത്രണം ചെയ്തതെന്നും പീതാംബരന്‍ മൊഴി നല്‍കി. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരെക്കൂടാതെ കൂടുതല്‍ പേര്‍ കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

വടിവാളും ഇരുമ്പ് ദണ്ഡമുപയോഗിച്ചാണ് ഇരുവരേയും ആക്രമിച്ചത്. കസ്റ്റഡിയിലുള്ള ആറ് പേര്‍ പീതാംബരന്റെ സുഹൃത്തുക്കളാണ്. പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതിയെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയ ശേഷമാകും കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുക. കസ്റ്റഡിയിലുള്ള മറ്റ് ആറുപേരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. കൃത്യത്തില്‍ പങ്കുള്ള മൂന്ന് പേരുടെ അറസ്റ്റും ഇന്നുണ്ടായേക്കും.

തിങ്കളാഴ്ച രാത്രിയാണ് പീതാംബരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകങ്ങള്‍ക്ക് ശേഷം കല്ലിയോട്ടെ വീട്ടില്‍ നിന്ന് ഒളിവില്‍ പോയ പീതാംബരനെ കാസര്‍കോട്കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. കേസില്‍ ബന്ധമുണ്ടെന്ന് കണ്ടതോടെ പീതാംബരനെ സി.പി.ഐ.എം പാര്‍ട്ടിയില്‍ പുറത്താക്കിയിരുന്നു.

പാര്‍ട്ടി നേതൃത്വത്തിന് ഈ കൊലപാതകത്തെക്കുറിച്ച് ഒരറിവുമില്ലെന്നും പ്രാദേശികമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.