1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2016

സ്വന്തം ലേഖകന്‍: കശ്മീരില്‍ അഞ്ചാം ദിവസവും കര്‍ഫ്യൂ തുടരുന്നു, സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച രൂക്ഷമായ സംഘര്‍ഷത്തിന് ശമനമായെങ്കിലും ഏതാനും ദിവസം കൂടി നിരോധാജ്ഞ തുടരും. പാംപൂര്‍, കുപ്വാര മേഖലകളിലാണ് നിരോധാജ്ഞ.

സംഘര്‍ഷത്തിന് അയവുവന്നെങ്കിലും ബുധനാഴ്ചയും ചിലയിടങ്ങളില്‍ പൊലീസും ജനങ്ങളും ഏറ്റുമുട്ടി. അനന്ത് നാഗ് ജില്ലയിലെ ഹര്‍നാഗില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിനുനേരെ യുവാക്കള്‍ കല്ലേഋ നടത്തിയതിനെ തുടര്‍ന്ന് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു യുവാവ് മരിച്ചു. ഇതോടെ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായി. കഴിഞ്ഞ ശനിയാഴ്ച സംഘര്‍ഷത്തില്‍ പരിക്കേറ്റ മുഷ്താഖ് അഹ്മദ് എന്നയാളും ബുധനാഴ്ച മരിച്ചു.

അതിനിടെ, പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയ്യിദ് അലിഷാ ഗീലാനിയെ പൊലീസ് തടവിലാക്കി. 1931 ലെ പോരാട്ടത്തിന്റെ 85 ആം വാര്‍ഷിക ദിനപരിപാടി നടക്കുന്ന സ്ഥലത്തേക്ക് അനുമതിയില്ലാതെ പ്രവേശിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

സമാധാനം പുനഃസ്ഥാപിക്കുന്നതിന് മുഴുവന്‍ ജനങ്ങളുടെയും സഹായം ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു. ഖ്വാജ ബസാറിലെ രക്തസാക്ഷി കുടീരത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. സംഘര്‍ഷത്തിനിടെ കല്ലേറിലും വെടിയുണ്ടയുടെ ചീളുകള്‍ തെറിച്ചും നിരവധി പേര്‍ക്ക് കണ്ണിന് പരിക്കേല്‍ക്കുകയും കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

ശ്രീനഗറിലെ ഒരു ആശുപത്രിയില്‍ മാത്രം കണ്ണിന് സാരമായ പരിക്കേറ്റ നൂറിലധികം പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരെ പരിശോധിക്കാന്‍ സംസ്ഥാനത്തിനകത്തെ സൗകര്യങ്ങള്‍ അപര്യാപ്തമായ സാഹചര്യത്തില്‍ മെഹ്ബൂബ കേന്ദ്രസഹായം തേടി. ന്യൂഡല്‍ഹിയില്‍നിന്ന് ഒരു സംഘം ഡോക്ടര്‍മാര്‍ കശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്.

അതിനിടെ, കശ്മീരില്‍ സ്ഥിതിഹതികള്‍ വഷളാക്കാന്‍ പാകിസ്താന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പ്രസ്താവന, ഇന്ത്യന്‍ ഹൈകമീഷണറെ പാക് വിദേശകാര്യ ഓഫിസ് വിളിച്ചുവരുത്തിയത് എന്നിവ മുന്‍നിര്‍ത്തി, ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാതെ സംയമനം പാലിക്കണമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം പാകിസ്താന് മുന്നറിയിപ്പു നല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.