1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2017

സ്വന്തം ലേഖകന്‍: ‘മകനെ നീ തിരിച്ചുവരണം, ഫുട്‌ബോള്‍ കളിക്കണം,’ അമ്മ വിളിച്ചു, ലഷ്‌കറെ തൊയ്ബയില്‍ ചേര്‍ന്ന കശ്മീര്‍ ഫുട്‌ബോള്‍ താരം തിരിച്ചെത്തി കീഴ്ടടങ്ങി. ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയില്‍ ചേര്‍ന്ന കശ്മീര്‍ ഫുട്‌ബോള്‍ താരം മജിദ് ഇര്‍ഷാദ് ഖാനാണ് ഭീകരവാദം അവസാനിപ്പിച്ച് സൈന്യത്തിനു മുമ്പില്‍ കീഴടങ്ങിയത്. സ്വന്തം ആഗ്രഹപ്രകാരമാണ് മജിദ് തിരിച്ചെത്തിയതെന്ന് ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിക്ടര്‍ ഫോഴ്‌സിന്റെ മേജര്‍ ജനറല്‍ ബി.എസ്. രാജു പറഞ്ഞു.

അനന്ത്‌നാഗ് സ്വദേശിയായ മജിദിന്റെ തിരിച്ചെത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ധീരമായ തീരുമാനമാണിതെന്നും രാജു പറഞ്ഞു. കുല്‍ഗാമിലെ രാഷ്ട്രീയ റൈഫിള്‍സിന്റെ ക്യാമ്പില്‍ വ്യാഴാഴ്ച മജിദ് കീഴടങ്ങിയെന്നും തുടര്‍ന്ന് ഇയാളെ അവന്തിപോരയിലുള്ള സൈന്യത്തിന്റെ 15 കോറിന് കൈമാറിയെന്നും സൈനികവൃത്തങ്ങള്‍ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ ബി.എസ്. രാജു തയ്യാറായില്ല.

എ.കെ. 47 തോക്കുമായി നില്‍ക്കുന്ന മജിദിന്റെ ചിത്രം വാട്‌സാപ്പിലൂടെ പ്രചരിച്ചതോടെയാണ് ഇയാള്‍ ലഷ്‌കറില്‍ ചേര്‍ന്ന വിവരം പുറത്തറിഞ്ഞത്. ഇതു കണ്ടതോടെയാണ് മകനോട് തിരിച്ചു വരാന്‍ അപേക്ഷിക്കുന്ന മജിദിന്റെ ഉമ്മ ആഷിയ ബീഗത്തിന്റെ വീഡിയോ പുറത്തുവന്നത്. ഈ വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് വീഡിയോ ഒട്ടേറെപ്പേരാണ് മജിദിനോട് ഭീകരപ്രവര്‍ത്തനം അവസാനിപ്പിച്ച് വീട്ടില്‍ തിരിച്ചെത്താണമെന്ന ആവശ്യമായി രംഗത്തെത്തിയത്.

മജിദിന്റെ ചിത്രം കണ്ടതോടെ പിതാവ് ഇര്‍ഷാദ് ഖാന് ഹൃദയാഘാതം ഉണ്ടാവുകയും ചെയ്തിരുന്നു. അനന്ത്‌നാഗിലെ പ്രാദേശിക ഫുട്‌ബോള്‍ ടീമില്‍ ഗോള്‍കീപ്പറായിരുന്നു മജിദ്. അടുത്ത സുഹൃത്ത് യാവര്‍ നിസാര്‍ ഷെര്‍ഗുജ്രി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് മജിദ് ഒരാഴ്ച മുമ്പ് ലഷ്‌കറില്‍ ചേര്‍ന്നത്. മജിദിന്റെ പേരില്‍ കുറ്റങ്ങളൊന്നും ചുമത്തില്ലെന്നും കുടുംബത്തോടൊപ്പം ചേരാമെന്നും പോലീസ് മേധാവി മുനീര്‍ ഖാന്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.