1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2017

സ്വന്തം ലേഖകന്‍: മൊബൈല്‍ ഫോണ്‍ വഴി ഉപഭോക്താക്കളുടെ പണം അടിച്ചു മാറ്റുന്ന വൈറസ് വ്യാപകം, കരുതിയിരിക്കാന്‍ മുന്നറിയിപ്പ്. കമ്പ്യൂട്ടര്‍ മാല്‍വെയറായ ക്‌സാഫെകോപ്പി ഇന്ത്യയില്‍ വ്യാപകമാകുന്നതായി പ്രമുഖ ആന്റി വൈറസ് കമ്പനിയായ കാസ്‌പെര്‍സ്‌ക്കിയാണ് മുന്നറിയിപ്പ് നല്‍കിയത്. മൊബൈല്‍ വഴി ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി അവര്‍ പോലും അറിയാതെയാണ് ഈ മാല്‍വെയര്‍ പണം തട്ടുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും നാല്‍പതു ശതമാനത്തോളം പേര്‍ ഇരയായത് ഇന്ത്യയിലാണ്. ബാറ്ററി മാസ്റ്റര്‍ എന്ന ആപ്പുകള്‍ പോലെയാണ് ഈ സോഫ്റ്റ്‌വെയര്‍ സാ്മാര്‍ട്ട് ഫോണുകളില്‍ എത്തുന്നത്. മാല്‍വെയര്‍ കോഡുകള്‍ ഇതിനുള്ളില്‍ രഹസ്യമായിട്ടാണ് ചേര്‍ത്തിട്ടുള്ളത്. അതിനാല്‍ ഇതൊരു മാല്‍വെയറാണെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കില്ല. ഒരിക്കല്‍ ക്‌സാഫെകോപ്പി ട്രോജന്‍ ഫോണില്‍ ഇന്‍സ്റ്റാല്‍ ചെയ്താല്‍ പിന്നീട് ഉപയോക്താവറിയാതെ വിവിധ സേവനങ്ങള്‍ നല്‍കുന്ന വെബ് പേജുകള്‍ ഇവ സ്വയം ക്ലിക്ക് ചെയ്യുകയും അതിന്റെ പണം അക്കൗണ്ടില്‍ നിന്ന് ഈടാക്കുകയും ചെയ്യും.

വൈര്‍ലെസ്സ് ആപ്ലിക്കേഷനെ അടിസ്ഥാനമാക്കി നടത്തുന്ന സാമ്പത്തിക ഇടപാടുകളെയാണ് ഈ മാല്‍വെയര്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. മൊബൈല്‍ ഫോണില്‍ ക്രഡിറ്റ്, ഡെബിറ്റ്, ഓണ്‍ലൈന്‍ ബാങ്കിങ് വിവരങ്ങള്‍ സൂക്ഷിക്കാത്തവരെയും ഈ മാല്‍വെയര്‍ ആക്രമിക്കും. വിവിധ സേവനങ്ങളില്‍ ഉപയോക്താവിനെ വരിക്കാരാക്കുമെങ്കിലും പണം പിന്‍വലിക്കുന്ന മെസ്സേജുകള്‍ ഫോണിലേക്ക് വരുന്നതിനെയും ക്‌സാഫെകോപ്പി തടയും. ഉപയോക്താവില്‍ നിന്നും പണം തട്ടിയ വിവരം മൊബൈല്‍ കമ്പനികള്‍ അറിയാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഇവ ചെയ്യും.

47 രാജ്യങ്ങളിലായി 4,800 ആളുകളാണ് നിലവില്‍ ക്‌സാഫെകോപ്പിയുടെ ആക്രമണത്തിന് ഇരയായത്. ഇതില്‍ 37.5 ശതമാനം ആക്രമണങ്ങളെ കാസ്‌പെര്‍സ്‌ക്കി ബ്ലോക്ക് ചെയ്തു എന്ന് അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ഈ സോഫ്റ്റ്‌വെയറിന്റെ സാധ്യത സൈബര്‍ ആക്രമികള്‍ മനസ്സിലാക്കിയാല്‍ ഇതിന്റെ ആക്രമം ഇനിയും കൂടാനാണ് സാധ്യതയെന്ന മുന്നറിയിപ്പും കാസ്‌പെര്‍സ്‌ക്കി നല്‍കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.