1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2018

സ്വന്തം ലേഖകന്‍: കത്‌വ ബലാത്സംഗ കൊലയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വാട്‌സാപ്പ് ഹര്‍ത്താല്‍; പ്രതിഷേധത്തിന്റെ പേരില്‍ പരക്കെ ആക്രമം. ജമ്മു കശ്മീരിലെ കഠുവയില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ഒരുവിഭാഗം ആഹ്വാനംചെയ്ത ഹര്‍ത്താലില്‍ പരക്കേ അക്രമം. മലപ്പുറം, പാലക്കാട്, കാസര്‍കോട് ജില്ലകളെയാണ് കൂടുതല്‍ ബാധിച്ചത്.

കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റിടങ്ങളില്‍ കാര്യമായി ബാധിച്ചില്ല. അക്രമസംഭവങ്ങളെത്തുടര്‍ന്ന് മലപ്പുറത്തെ തിരൂര്‍, പരപ്പനങ്ങാടി, താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിന്തുണകൂടാതെ നടന്ന ഹര്‍ത്താല്‍, നിയന്ത്രിക്കാന്‍ നേതാക്കളില്ലാതെ പലയിടത്തും അക്രമാസക്തമായി.

തിരൂരിലും താനൂരിലും ആള്‍ക്കൂട്ടം പോലീസിനുനേരെ കല്ലെറിഞ്ഞു. തിരൂര്‍ പോലീസ് സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞ ജനക്കൂട്ടത്തിനുനേരെ പോലീസ് മൂന്നുതവണ ഗ്രനേഡ് പ്രയോഗിച്ചു. രണ്ടുതവണ ലാത്തിവീശി. ഇവിടെമാത്രം 20 പോലീസുകാര്‍ക്ക് പരിക്കേറ്റു.

റാപ്പിഡ് റെസ്‌ക്യൂഫോഴ്‌സില്‍ ഉള്‍പ്പെട്ട വിപിന് കല്ലേറില്‍ വലതുകണ്ണിന് സാരമായ പരിക്കുണ്ട്. തിരൂര്‍ക്കാട്, അരിപ്ര എന്നിവിടങ്ങളിലും ലാത്തിച്ചാര്‍ജുണ്ടായി. ഒട്ടേറെ സമരക്കാര്‍ക്കും പരിക്കേറ്റു. ജില്ലയില്‍ ഇരുനൂറോളംപേരെ കസ്റ്റഡിയിലെടുത്തു. കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേര്‍ക്കെതിരേ കേസെടുത്തു. കണ്ണൂരില്‍ ലാത്തിച്ചാര്‍ജിലും അക്രമങ്ങളിലും രണ്ട് എ.എസ്.ഐ. ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. നൂറിലധികംപേരെ കസ്റ്റഡിയിലെടുത്തു. കാസര്‍കോട്ട് നാല് കെ.എസ്.ആര്‍.ടി.സി. ബസുകളുടെ ചില്ല് തകര്‍ത്തു. രണ്ടു ഡ്രൈവര്‍മാര്‍ക്കും ഒരു കണ്ടക്ടര്‍ക്കും പരിക്കേറ്റു. 93 പേരെ അറസ്റ്റുചെയ്തു. പാലക്കാട്ട് ഇരുനൂറോളം പേര്‍ക്കെതിരേ കേസെടുത്തു. ഒരു പോലീസുകാരന് പരിക്കേറ്റു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.