1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2019

സ്വന്തം ലേഖകന്‍: ജനപ്രിയ ടെലിവിഷന്‍ ക്വിസ് ഷോ ‘കോന്‍ ബനേഗാ ക്രോര്‍പതി’യില്‍ കോടിപതിയായി സര്‍ക്കാര്‍ സ്‌കൂള്‍ പാചകക്കാരി. മഹാരാഷ്ട്രയിലെ അമരാവതിയിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ 1500 രൂപ പ്രതിമാസ ശമ്പളം വാങ്ങുന്ന ബബിതാ ടാഡെയാണു ഈ സ്വപ്നനേട്ടം കൈവരിച്ചത്. കോടീശ്വരിയായെങ്കിലും ബബിതയുടെ ആഗ്രഹം ഒന്നെയുള്ളൂ ഒരു മൊബൈല്‍ ഫോണ്‍ വാങ്ങണം!.

സോണി എന്റര്‍ടെയ്‌മെന്റ് ചാനലില്‍ അമിതാഭ് ബച്ചന്‍ അവതാരകനായ കോന്‍ ബനേഗാ ക്രോര്‍പതിയുടെ 11ാം എഡിഷനിലെ രണ്ടാമത്തെ കോടിപതിയാണു ബബിത. സ്‌കൂളില്‍ 450 കുട്ടികള്‍ക്കു ഭക്ഷണമൊരുക്കുന്ന ബബിത, വേതനം തുച്ഛമാണെങ്കിലും പാചകജോലി ആസ്വദിക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. ഒരു ജോലിയും ചെറുതോ വലുതോ അല്ലെന്നാണു നിലപാട്.

ബബിത വിജയിയായ എപ്പിസോഡ് ഇനിയും സംപ്രേഷണം ചെയ്തിട്ടില്ലെങ്കിലും സാമൂഹികമാധ്യമങ്ങളില്‍ അവരുടെ വിജയകഥ വൈറലായി. വരാനിരിക്കുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ സോണി ചാനല്‍ സംപ്രേഷണം ചെയ്തുതുടങ്ങി. കോന്‍ ബനേഗാ ക്രോര്‍പതിയുടെ 11ാം സീസണില്‍, കഴിഞ്ഞയാഴ്ച ആദ്യവിജയിയായത് ഐ.എ.എസ്. മത്സരാര്‍ഥിയായ സനോജ് രാജാണ്. സെപ്തംബര്‍ 18ന് 9 മണിക്കാണ് ബബിതയുടെ എപ്പിസോഡിന്റെ പ്രക്ഷേപണം.

‘ഏതു സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പിതാവാണ് ഒരിക്കല്‍ മുഖ്യമന്ത്രിയായിരുന്നത്?’ എന്ന ചോദ്യമാണു സരോജിനെ ഒരുകോടി രൂപയുടെ സമ്മാനത്തിന് അര്‍ഹനാക്കിയത്. നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആയിരുന്നു ശരിയുത്തരം. അദ്ദേഹത്തിന്റെ പിതാവ് കേശബ് ചന്ദ്ര ഗോഗോയ് അസമില്‍ മുഖ്യമന്ത്രിയായിരുന്നു. എന്നാല്‍, ഏഴുകോടി രൂപയുടെ അവസാനചോദ്യം നേരിടാതെ, ഒരുകോടിയുടെ സമ്മാനംകൊണ്ടു തൃപ്തനാകുകയായിരുന്നു സനോജ് രാജ്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.