1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2017

സ്വന്തം ലേഖകന്‍: നടന്‍ സത്യരാജിനെതിരെ കര്‍ണാടകയില്‍ പടയൊരുക്കം, ബാഹുബലി 2 പ്രദര്‍ശിപ്പിക്കില്ലെന്ന് ഭീഷണി, വികാരാധീനനായി സംവിധായകന്‍ രാജമൗലി. സത്യരാജ് കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ബാഹുബലി 2 ന്റെ പ്രദര്‍ശനം സംസ്ഥാനത്ത് തടയുമെന്ന് ഒരു വിഭാഗം സംഘടനകള്‍ വ്യക്തമാക്കി.

റിലീസിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ അവസാനഘട്ട ഒരുക്കത്തിലാണ് സംവിധായകന്‍ എസ്.എസ് രാജമൗലി. ഏപ്രില്‍ 28 ന് തിയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ ബ്രഹ്മാണ്ഡ റിലീസിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി വരുമ്പോഴാണ് കാവേരി നദീജല തര്‍ക്കം വില്ലനായത്.

സിനിമയില്‍ കട്ടപ്പ എന്ന കഥാപാത്രത്തെ സത്യരാജാണ് അവതരിപ്പിക്കുന്നത്. സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് തിയറ്റര്‍ ഉടമകളോട് വത്തല്‍ നാഗരാജ് എംഎല്‍എയുടെ നേതൃത്വത്തിലാണ് സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ണാടകത്തില്‍ ചിത്രത്തിന്റെ വിതരണാവകാശം ആരും ഏറ്റെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ പ്രദര്‍ശനം തടയരുതെന്ന് സംവിധായകന്‍ എസ് എസ് രാജമൌലി പ്രതിഷേധക്കാരോട് അഭ്യര്‍ഥിച്ചു. ഒരു നടന്‍ പണ്ടെന്നോ നടത്തിയ ഒരു പ്രതികരണത്തിന്റെ പേരില്‍ ജനങ്ങള്‍ കാത്തിരിക്കുന്ന തന്റെ സിനിമയെ തടയരുത് എന്നും സംവിധായകന്‍ അപേക്ഷിക്കുന്നു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു രാജമൗലിയുടെ അപേക്ഷ.

‘സത്യരാജ് സര്‍ ചിത്രത്തിന്റെ നിര്‍മാതാവോ സംവിധായകനോ അല്ല. സിനിമയില്‍ പ്രവര്‍ത്തിച്ച അഭിനേതാക്കളില്‍ ഒരാള്‍ മാത്രമാണ് അദ്ദേഹം. നേരത്തെ തീരുമാനിച്ച പോലെ സിനിമ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാനായില്ലെങ്കില്‍ അദ്ദേഹത്തിന് ഒരു നഷ്ടവുമില്ല. അദ്ദേഹം നടത്തിയ ഒരു അഭിപ്രായപ്രകടനത്തിന്റെ പേരില്‍ സിനിമയെ ആക്രമിക്കുന്നത് അന്യായമാണ്. ഈ വിഷയം ഞാന്‍ സത്യരാജ് സാറുമായി ചര്‍ച്ച ചെയ്തിരുന്നു. ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാന്‍ ഞാന്‍ ആളല്ല. അതിനുള്ള അധികാരവുമില്ല. ഈ വിവാദത്തിലേയ്ക്ക് സിനിമയെ വലിച്ചിഴയ്ക്കരുത് എന്നു മാത്രമാണ് എന്റെ അപേക്ഷ,’ വീഡിയോ സന്ദേശത്തില്‍ രാജമൗലി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.