1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2015

സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ കെജ്‌രിവാള്‍ മാധ്യമങ്ങള്‍ക്കെതിരെ വാളെടുക്കുന്നു, അവസരം മുതലെടുക്കാന്‍ പ്രതിപക്ഷവും രംഗത്തെത്തിയതോടെ ഡല്‍ഹി സംസ്ഥാന രാഷ്ട്രീയം വീണ്ടും കലങ്ങുകയാണ്. ഡല്‍ഹി സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നതിനെ കുറിച്ച് പരാതി നല്‍കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു കൊണ്ട് അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കുലര്‍ പുറത്തിടക്കിയതാണ് വിവാദത്തിന് തുടക്കമിട്ടത്.

എല്ലാ വാര്‍ത്താ ചാനലുകളേയും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം. ഡല്‍ഹി സര്‍ക്കാരിനെ തകര്‍ക്കാന്‍ മാദ്ധ്യമങ്ങള്‍ ശ്രമിക്കുകയാണെന്ന് നേരത്തെ കേജ്‌രിവാള്‍ ആരോപിച്ചിരുന്നു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ മോശമായി ചിത്രീകരിക്കുകയോ, മാദ്ധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്താല്‍ അതിനെതിരെ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കാനാണ് ഉദ്യോഗസ്ഥരോട് കേജ്‌രിവാളിന്റെ നിര്‍ദ്ദേശം. വാര്‍ത്ത പ്രസിദ്ധീകരിച്ച മാദ്ധ്യമത്തിന്റെ പേര്, വാര്‍ത്തയിലെ വസ്തുതാപരമായ തെറ്റ്, ആരോപണങ്ങള്‍ എന്തൊക്കെ തുടങ്ങിയ വിവരങ്ങളും പരാതിയില്‍ കാണിക്കേണ്ടതുണ്ട്.

ഇങ്ങനെ ലഭിക്കുന്ന പരാതിയില്‍ കര്‍ശന നടപടി എടുക്കുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. പരാതി ലഭിച്ചു കഴിഞ്ഞാല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അത് പരിശോധിക്കുകയും പ്രോസിക്യൂഷന്‍ ഡയറക്ടറുടെ അഭിപ്രായം തേടിയ ശേഷം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499/500 വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കുകയും ചെയ്യും.

അതേസമയം, കേജ്‌രിവാളിന്റെ പുതിയ ഉത്തരവ് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള കടുത്ത വിമര്‍ശനത്തിന് ഇടയാക്കി. കേജ്‌രിവാള്‍ കാപട്യക്കാരനാണെന്നും ജനാധിപത്യ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും മറ്റും മാദ്ധ്യമങ്ങള്‍ തുറന്നു കാട്ടുമ്പോള്‍ കേജ്‌രിവാള്‍ അതിനെ എതിര്‍ക്കുകയാണ്. മാദ്ധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റം എന്നാണ് സി.പി.ഐ നേതാവ് ഡി.രാജ ഇതിനെ വിശേഷിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.