1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2016

അജിത് പാലിയത്ത്: കേരളപ്പിറവിയുടെ അറുപതാമത് വാര്‍ഷികം ‘ കേളി ‘ 13 നവംബര്‍ 2016 ഞായറാഴ്ച, ലണ്ടന്‍, ഈസ്റ്റ് ഹാമിലുള്ള ശ്രീ നാരായണ ഗുരു മിഷന്‍ ഹാളിള്‍ വെച്ച് നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. യു.കെ മലയാളികള്‍ക്കിടയില്‍ മലയാളി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്ന ‘കേളി’ കലാ, സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കി കഴിഞ്ഞ എട്ടുവര്‍ഷമായി കേരളപ്പിറവി ആഘോഷിക്കുവാന്‍ തുടങ്ങിയിട്ട്. ശ്രീമതി തുളസി രാജന്‍ ഭദ്ര ദീപം തെളിയിച്ച് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കലാ, സാഹിത്യ,സാംസ്‌കാരിക പ്രവര്‍ത്തകരുള്‍പ്പെടെ സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും നൂറുകണക്കിന് പേര്‍ ആഘോഷ പരിപാടികളില്‍ സന്നിഹിതരായിരുന്നു.

പ്രത്യക്ഷമായും, പരോക്ഷമായും ജാതി മത ചിന്തകള്‍ യു.കെ മലയാളി സമൂഹത്തിലും ബാധിച്ചിരിക്കുന്നുവെന്നും, ഈ പ്രവണത തുടര്‍ന്നാല്‍ യു. കെയിലെ മലയാള സംഘടനകളുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാകുന്നു കാലം വിദൂരത്തല്ല എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കേളിയുടെ പ്രധാന സാരഥി കൂടിയായ ശശി എസ് കുളമട അഭിപ്രായപ്പെട്ടു. ‘കേളിയ്ക്ക് ലഭിച്ച സംഭാവനയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 25000 രൂപ പരവൂര്‍ പുറ്റിങ്ങള്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്ക് നല്‍കിയതായും പറയുകയുണ്ടായി.
യു .കെ. യില്‍ അറിയപ്പെടുന്ന കവിയും, സാഹിത്യപ്രേമിയുമായ പ്രിയന്‍ സത്യവ്രതന്‍ ജാതിമത ചിന്തകള്‍ കൊണ്ട് മലീമസമായിരിക്കുന്ന കേരളം ഇന്നത്തെ രീതിയില്‍ ആയി തീരുവാനുണ്ടായ ചരിത്രപരമായ കാരണങ്ങളും അവ നമ്മുടെ ജീവിതത്തില്‍ സൃഷ്ടിയ്ക്കുന്ന ബുദ്ധിമുട്ടുകളേയും മറ്റും കുറിച്ച് സംസാരിച്ചപ്പോള്‍ , പ്രശസ്ത കവയത്രിയും, വിവര്‍ത്തകയുമായ ശ്രീമതി മീര കമല കേരള ചരിത്രത്തിന്റെ ഇരുളടഞ്ഞ ഏടുകളിലൂടെ സഞ്ചരിച്ച് പ്രേക്ഷകമനസ്സില്‍ അറിവിന്റെ പാന്ഥാവ് സൃഷ്ടിയ്ക്കുകതന്നെ ചെയ്തു. കേരളചരിത്രത്തില്‍ പലര്‍ക്കും അറിവില്ലാതിരുന്ന പല ചരിത്ര സത്യങ്ങളും അറിയുവാന്‍ സാധിച്ചുവെന്ന് മീരയുടെ പ്രഭാഷണം ശ്രവിച്ച നിരവധി പേര്‍ അറിയിയ്ക്കുകയുണ്ടായി.

അജിത് പാലിയത്ത് ആലപിച്ച ‘ മാമാങ്കം’ എന്ന ഗാനത്തോടെ കലാപരിപാടികള്‍ക്ക് തുടക്കമായി. ലണ്ടനിലെ ഈസ്റ്റ് ഹാമില്‍ അജിത് ആദ്യമായി പാടുന്നതും ‘ കേളി ‘ അവതരിപ്പിച്ച ‘ സ്മൃതി സന്ധ്യ ‘ എന്ന പരിപാടിയിലൂടെയായിരുന്നു. തുടര്‍ന്ന് പ്രശസ്ത നര്‍ത്തകി കലാമണ്ഡലം ശ്രുതിയുടെ മോഹിനിയാട്ടം നിറഞ്ഞ കരഘോഷത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. അതുപോലെ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച നൃത്തം, കവിതകള്‍, ഗാനങ്ങള്‍, അശ്വതി.എം.ശശിധരന്‍ അവതരിപ്പിച്ച പരദൂഷണത്തെ ക്കുറിച്ചുള്ള ചിത്രീകരണവും, അശ്വതി ജയചന്ദ്രന്‍ വീണവായിച്ചതും പരിപാടി ഭാവ രാഗ താള സമന്വയ സാന്ദ്രമാക്കി. യുക്കേയിലെ അറിയപ്പെടുന്ന അഭിനേതാക്കളായ ജയ്‌സണ്‍ ജോര്‍ജ്ജും, കീര്‍ത്തി സോമരാജനും ചേര്‍ന്ന് അണിയിച്ചൊരുക്കിയ ലഘുനാടകമായ ‘ തീന്‍ മേശയിലെ ദുരന്തം ‘ പ്രേക്ഷകര്‍ നന്നായി ആസ്വദിച്ചു.

കലാ, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തികള്‍ക്ക് എല്ലാ വര്‍ഷവും നല്‍കിവരുന്ന ‘കേളി പുരസ്‌കാരം’ ഇക്കുറിയും യു.കെ.യിലെ കലാ സാംസ്‌കാരിക വേദികളിലെ നിറ സാന്നിദ്ധ്യങ്ങളായ സി.എ. ജോസഫ്, സിസിലി ജോര്‍ജ് , അജിത് പാലിയത്ത്, ശ്രുതി കലാമണ്ഡലം, അശ്വതി ശശിധരന്‍, എന്നിവര്‍ക്ക് നല്കി. ഫ്രഡിന്‍ സേവ്യറിന് പ്രത്യേക പുരസ്‌കാരം നല്‍കുകയുണ്ടായി.

യു. കെ മലയാളികളുടെ കലാ പ്രവര്‍ത്തനങ്ങള്‍ മറ്റു പ്രവാസി മലയാളികളേക്കാള്‍ മികച്ചതായിരിക്കണം എന്ന ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കുകയും, നാടകം, കവിത, ചിത്ര രചന എന്നീ മേഖലകളില്‍ തനതായ വ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുള്ള അതുല്യ കലാകാരന്‍ ശ്രീ ശിവാനന്ദന്‍ കണ്വാശ്രമത്തിന്റെ സ്മരണ നിലനിര്‍ത്തുവാനായ് കേളി എല്ലാ വര്‍ഷവും നല്‍കി വരുന്ന ‘ആര്‍ട്ടിസ്‌റ്. ശിവാനന്ദന്‍ കണ്വാശ്രമത് അനുസ്മരണ പുരസ്‌കാരം’ പ്രശസ്ത നാടക നടനും, സംവിധായകനും, ക്രൊയ്‌ഡോണ്‍ ഡ്രാമ തീയറ്റേഴ്സ്റ്റിന്റെ സാരഥി കൂടിയായ ശ്രീ.വിജയകുമാര്‍ ചേന്നന്‍കോടിന് നല്‍കി ആദരിച്ചു.

കേളിക്കുവേണ്ടി നിശ്ചല ചിത്രങ്ങള്‍ എടുത്ത സത്യകാമന്‍ സോമരാജന്‍,വീഡിയോ എടുത്ത ഷെറിന്‍ സത്യശീലന്‍, ശബ്ദം നിയന്ത്രിച്ച അസ്‌ലം, വെളിച്ചവിതാനം ഒരുക്കിയ സുഭാഷ് എന്നിവരും മറ്റ് സഹായങ്ങള്‍ ചെയ്തുതന്ന വക്കം. ജി.സുരേഷ്‌കുമാര്‍, ഗിരിധരന്‍, സതീഷ്, മോഹന്‍, ജഗന്‍, ഷിബു എന്നിവര്‍ക്കും കലാപരിപാടി ആസ്വദിയ്ക്കുവാന്‍ എത്തിയവര്‍ക്കും,സംഭാവന നല്‍കി സഹായിച്ചവര്‍ക്കും ‘ കേളി ‘ യുടെ സാരഥികളായ ശശി.എസ്.കുളമട, ഫ്രഡിന്‍ സേവ്യര്‍, ബിനോയ്, സുഗേഷ്, കീര്‍ത്തി എന്നിവര്‍ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.