1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2016

സ്വന്തം ലേഖകന്‍: ആറ്റം ബോംബ് പൊട്ടിക്കാന്‍ സഹായിക്കാമെന്ന് കെന്നഡി, വേണ്ടെന്ന് നെഹ്‌റു, നേരത്തെ ആണവശക്തി ആകാനുള്ള അവസരം ഇന്ത്യ കളഞ്ഞു? പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു മനസുവച്ചിരുന്നെങ്കില്‍ ആണവ വിതരണ സംഘ (എന്‍.എസ്.ജി) ത്തില്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പേ ഇന്ത്യക്ക് അംഗത്വം ലഭിക്കുമായിരുന്നെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറി മഹാരാജ കൃഷ്ണ രസ്‌ഗോത്ര അടുത്തിടെ പുറത്തിറങ്ങിയ ആത്മകഥ എ ലൈഫ് ഇന്‍ ഡിപ്ലോമസി’യെന്ന സ്വന്തം പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ വെളിപ്പെടുത്തി

രാജസ്ഥാന്‍ മരുഭൂമിയില്‍ അണ്വായുധ പരീക്ഷണം നടത്താന്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ സഹായവാഗ്ദാനം നെഹ്‌റു സ്‌നേഹപുരസരം നിരസിച്ചില്ലായിരുന്നെങ്കില്‍ ആണവപരീക്ഷണം നടത്തിയ ആദ്യ ഏഷ്യന്‍ രാജ്യമെന്ന ഖ്യാതി ഇന്ത്യക്കു സ്വന്തമാകുമായിരുന്നെന്ന് അദ്ദേഹം ന്യൂഡല്‍ഹിയില്‍ പറഞ്ഞു.

അണ്വായുധ പരീക്ഷണത്തിനുള്ള കെന്നഡിയുടെ സഹായവാഗ്ദാനം സ്വീകരിച്ചിരുന്നെങ്കില്‍ രാജ്യത്തിന് ഒരുപിടി നേട്ടങ്ങളും കൈവരുമായിരുന്നു. 1964ല്‍ ചൈനയ്ക്കു മുമ്പേ ഇന്ത്യ അണ്വായുധ പരീക്ഷണം നടത്തുമായിരുന്നെന്നു മാത്രമല്ല, 1962ല്‍ ചൈനയുമായും 1965ല്‍ പാകിസ്താനുമായുള്ള യുദ്ധങ്ങള്‍ ഒഴിവാക്കപ്പെടുകയും ചെയ്യുമായിരുന്നതായി രാസ്‌ഗോത്ര കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നെഹ്‌റുവിനെ അങ്ങേയറ്റം ബഹുമാനിച്ചിരുന്ന കെന്നഡി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കടുത്ത ആരാധകനായിരുന്നു. ജനാധിപത്യ രാജ്യമായ ഇന്ത്യയായിരിക്കണം കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള ചൈനയേക്കാള്‍മുമ്പേ അണ്വായുധ ശേഷി കൈവരിക്കേണ്ടതെന്ന വിശ്വാസവും കെന്നഡി പുലര്‍ത്തിയിരുന്നു. തന്റെ നിലപാടുകള്‍ ചൂണ്ടിക്കാട്ടി കെന്നഡി പ്രധാനമന്ത്രി നെഹ്‌റുവിന് സ്വന്തം കൈപ്പടയില്‍ കത്ത് എഴുതുകയും ചെയ്തു. ഇന്ത്യന്‍ ആണവോര്‍ജ ശാസ്ത്രജ്ഞര്‍ക്ക് സകല പിന്തുണയും വാഗ്ദാനം ചെയ്ത് യു.എസ്. ആണവോര്‍ജ കമ്മിഷന്‍ ചെയര്‍മാന്റെ കുറിപ്പും കത്തിനൊപ്പമുണ്ടായിരുന്നു.

രാജസ്ഥാന്‍ മരുഭൂമിയില്‍ അമേരിക്കന്‍ ഉപകരണം ഉപയോഗിച്ചുള്ള പരീക്ഷണത്തിന് സന്നദ്ധമാകണമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. അണ്വായുധങ്ങളോടും ആണവ പരീക്ഷണങ്ങള്‍ക്കുമെതിരായ നെഹ്‌റുവിന്റെ നിലപാടുകള്‍ വ്യക്തമായി അറിയാമെന്നും അതേസമയം തന്നെ ചൈന ഉയര്‍ത്തുന്ന രാഷ്ട്രീയ, സുരക്ഷാ ഭീഷണി പ്രതിരോധിക്കാന്‍ ഇത്തരമൊരു നീക്കം അനിവാര്യമാണെന്നും കത്തില്‍ കെന്നഡി ചൂണ്ടിക്കാട്ടിയിരുന്നു.

ദേശീയ സുരക്ഷയേക്കാള്‍ പ്രാധാന്യം മറ്റൊന്നിനുമില്ലെന്ന ഓര്‍മപ്പെടുത്തലും കത്തിലൂടെ കെന്നഡി നടത്തി. ഡോ. ഹോമി ഭാഭയോടും ജി.പി. പാര്‍ഥസാരഥിയോടും കൂടിയാലോചനകള്‍ നടത്തിയശേഷം നെഹ്‌റു നിരാകരിക്കുകയായിരുന്നെന്നും രസ്‌ഗോത്ര വെളിപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.