1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2016

സ്വന്തം ലേഖകന്‍: ടീം പിണറായി തയ്യാര്‍, അഴമതിക്കാരെ അടുപ്പിക്കില്ലെന്ന് നിയുക്ത കേരള മുഖ്യമന്ത്രി. ഇന്ന് സത്യപ്രതിജ്ഞ. എല്‍.ഡി.എഫ്. മന്ത്രിസഭ കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും സ്വന്തമായിരിക്കുമെന്നു നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

അഴിമതിക്കെതിരേ കടുത്ത നടപടിയുണ്ടാകും. തന്റെയോ മറ്റു മന്ത്രിമാരുടെയോ ആളുകളെന്നു പറഞ്ഞ് ആരെയും മുതലെടുപ്പു നടത്താന്‍ അനുവദിക്കില്ലെന്നും പഴസണല്‍ സ്റ്റാഫിന്റെ നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തുമെന്നും പിണറായി ഉറപ്പുനല്‍കി. അഴിമതി അവതാരങ്ങള്‍ ഇറങ്ങിനടക്കുന്നുണ്ട്. അവര്‍ക്കു തന്നെ ശരിക്കറിയില്ല. അത്തരക്കാരെ ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്നു പിണറായി പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 19 അംഗ ഇടതുമുന്നണി മന്ത്രിസഭ ഇന്നു വൈകിട്ടു നാലിനു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകിട്ടു നാലിനു തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണു ചടങ്ങ്. ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും. സി.പി.എമ്മില്‍നിന്നു നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 12 പേരും സി.പി.ഐയില്‍നിന്നു നാലുപേരും കോണ്‍ഗ്രസ് (എസ്), എന്‍.സി.പി, ജനതാദള്‍ (എസ്) എന്നീ കക്ഷികളില്‍നിന്ന് ഓരോരുത്തരുമാണ് ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്നത്.

സിപിഎം മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായെങ്കിലും ഘടക കക്ഷികളുടെ വകുപ്പുകള്‍ ഇന്നേ വ്യക്തമാകൂ. പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ പ്രാഥമിക ധാരണയായെങ്കിലും ഇന്നു രാവിലെ ചേരുന്ന എല്‍.ഡി.എഫ്. സംസ്ഥാന കമ്മിറ്റി യോഗം ഇക്കാര്യത്തില്‍ അന്തിമതീ രുമാനമെടുക്കും.

പിണറായി വിജയന്‍ തന്നെ ആഭ്യന്തരവും വിജിലന്‍സും കൈകാര്യം ചെയ്യും. ഇതു കൂടാതെ സ്പീക്കര്‍, ചീഫ് വിപ്പ് സ്ഥാനങ്ങളും സി.പി.എമ്മിനാണ്. സ്പീക്കര്‍ പൊന്നാനി എം.എല്‍.എയുമായ പി. ശ്രീരാമകൃഷ്ണനാണ്. ചീഫ് വിപ്പ് പദവി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ എം.എം. മണി വഹിക്കും.

ധനവകുപ്പ് തോമസ് ഐസക്കും പൊതുമരാമത്ത് ജി.സുധാകരനും കൈകാര്യം ചെയ്യും. സി.രവീന്ദ്രനാഥ് (വിദ്യാഭ്യാസം), കെ.കെ.ശൈലജ (ആരോഗ്യം), ഇ.പി.ജയരാജന്‍ (വ്യവസായം), കടകംപള്ളി സുരേന്ദ്രന്‍ (വൈദ്യുതി), എ.സി.മൊയ്തീന്‍ (സഹകരണം), ടി.പി.രാമകൃഷ്ണന്‍ (തൊഴില്‍, എക്‌സൈസ്), ജെ.മേഴ്‌സിക്കുട്ടിയമ്മ (ഫിഷറീസ്, തുറമുഖം) കെ.ടി.ജലീല്‍ (ടൂറിസം) എന്നിങ്ങനെയാണ് വകുപ്പുകള്‍ നിലവില്‍ നിശ്ചയിച്ചിട്ടുള്ളത്. എ.കെ. ബാലനു തദ്ദേശ സ്വയംഭരണം, പട്ടികവര്‍ഗക്ഷേമം എന്നീ വകുപ്പുകള്‍ നല്‍കും. കഴിഞ്ഞതവണ വഹിച്ചിരുന്ന വകുപ്പുകള്‍ തന്നെ സി.പി.ഐക്ക് ലഭിക്കും. ഇ.ചന്ദ്രശേഖരന് റവന്യുവും പി.തിലോത്തമന് ഭക്ഷ്യവകുപ്പും വി.എസ്. സുനില്‍ കുമാറിന് കൃഷിയും ലഭിക്കും. കെ.രാജുവിന് വനം തൊഴില്‍ വകുപ്പുകളും ലഭിക്കും. ആര്‍.എസ്.പി. കൈകാര്യം ചെയ്ത ജലവിഭവ വകുപ്പുകൂടി സി.പി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് ദേവസ്വം വകുപ്പു നല്‍കും. ജനതാദള്‍ എസിലെ മാത്യു ടി. തേമസിനു ഗതാഗത വകുപ്പു നല്‍കാനാണ് സാധ്യത. എന്‍.സി.പി. ജലവിഭവ വകുപ്പാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഈക്കാര്യം ഇന്നത്തെ യോഗത്തിലെ അന്തിമ തീരുമാനമാകൂ. സി.പി.ഐയിലെ വി. ശശിയാണ് ഡെപ്യൂട്ടി സ്പീക്കര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.