1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2019

സ്വന്തം ലേഖകന്‍: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇയില്‍; നവകേരള നിര്‍മ്മാണത്തിന് സഹായ വാഗ്ദാനവുമായി യു.എ.ഇ ഉപപ്രധാനമന്ത്രി. അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ പിണറായി വിജയനെ എം.എ യൂസുഫലി, ഡോ. ആസാദ് മൂപ്പന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അബൂദബി ദൂസിത് താനി ഹോട്ടലില്‍ തങ്ങുന്ന മുഖ്യമന്ത്രി വിവിധ സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.

വെള്ളി, ശനി ദിവസങ്ങളില്‍ ദുബായിലെ ലോക കേരള സഭയുടെ ആദ്യ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രവാസികളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ആവിഷ്‌കരിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികളെ കുറിച്ച് വിശദീകരിക്കും. ലോക കേരള സഭയുടെ ഏഴ് ഉപസമിതികള്‍ രൂപം നല്‍കിയ വിവിധ വിഷയങ്ങളില്‍ ഊന്നിയാവും മേഖലാ സമ്മേളനത്തിലെ ചര്‍ച്ചകള്‍. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് മലയാളി കൂട്ടായ്മകളിലൂടെ സമാഹരിക്കാന്‍ തീരുമാനിച്ച സാമ്പത്തിക സമാഹരണത്തിന്റെ പുരോഗതിയും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചര്‍ച്ച ചെയ്യും.

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും വികസനത്തിനും കൂടുതല്‍ സഹായം നല്‍കാന്‍ തയ്യാറാണെന്ന് യു.എ.ഇ അറിയിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. യു.എ.ഇ ഉപപ്രധാനമന്ത്രി ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇക്കാര്യം വ്യക്തമാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം താല്പര്യപൂര്‍വ്വം ചോദിച്ചറിഞ്ഞെന്നും കേരളവും യു.എ.ഇയും തമ്മില്‍ നൂറ്റാണ്ടുകളായുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘കേരളത്തിന്റെ വികസനത്തെക്കുറിച്ചും കേരളത്തില്‍ നടക്കുന്ന പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹത്തെ ധരിപ്പിച്ചു. വളരെ താല്പര്യപൂര്‍വ്വം ഇക്കാര്യങ്ങള്‍ കേട്ട ഷെയ്ഖ് മന്‍സൂര്‍ കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ തയ്യാറാണെന്ന് അറിയിച്ചു,’ മുഖ്യമന്ത്രി വ്യക്തമാക്കി.
കൃഷി, ആരോഗ്യം, ഊര്‍ജ്ജം, ടൂറിസം എന്നീ മേഖലകളില്‍ നിക്ഷേപം നടത്താന്‍ തയ്യാറാണെന്നും കേരളത്തിന്റെ വികസനമെന്നത് യു.എ.ഇയുടെ വികസനം പോലെയാണ് ഞങ്ങള്‍ കാണുന്നതെന്നും കേരളവുമായി അത്രത്തോളം ബന്ധമാണ് യു.എ.ഇക്ക് ഉള്ളതെന്നും ഷെയ്ഖ് മന്‍സൂര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.