1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2015

 

 

 

 

 

 

 

 

 

കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം എന്നും നാടകീയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതായിരുന്നു.ഇപ്പോള്‍ ഏറെ വിവാദങ്ങള്‍ക്ക് ശേഷം കെ എം മാണി എന്ന കേരള രാഷ്ട്രീയത്തിലെ വന്‍ വടവൃക്ഷം കടപുഴകി വീഴുമ്പോള്‍ ആ നാടകീയത ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു.

പ്രവീണ്‍ സ്‌കറിയ എഴുതുന്നു .

കെ എം മാണി ഈ വീഴ്ച്ചയില്‍ നിന്ന് ഇനി ഒരിക്കലും കരകയറില്ല. ഇത് ചരിത്രം പ്രതികാരം ഒരുക്കി കാത്തുവച്ച വിധിയുടെ വാരിക്കുഴി.

പണ്ട് പി. ടി ചാക്കോ എന്ന ജനകീയനായ നേതാവിനെ കോണ്‍ഗ്രസുകാര്‍ അപമാനിച്ചിറക്കി വിട്ടു. ആ ദുഖത്തില്‍ അദ്ദേഹം ഹൃദയം പൊട്ടി മരിച്ചു എന്ന തോന്നലില്‍ മന്നത്ത് പദ്മനാഭന്റെ അനുഗ്രഹത്തോടെ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടി കെ എം ജോര്‍ജ് സ്ഥാപിക്കുമ്പോള്‍ കെ എം മാണി കോട്ടയം ഡി ഡി സി സെക്രട്ടറി മാത്രമായിരുന്നു. ജോര്‍ജിന്റെ കൂടെ കൂടി മാണി എം എല്‍ എ ആയി. മാണിയെ ഓരോ തലത്തിലും ജോര്‍ജ് വളര്‍ത്തിക്കൊണ്ടുവന്നു, നേതാവാക്കി.

1976ല്‍ അച്യുതമേനോന്‍ നയിച്ച മന്ത്രിസഭയില്‍ അംഗമാകാന്‍ കോണ്ഗ്രസ്സിന്റ്‌റെ വിരട്ടലിനെത്തുടര്‍ന്നു കേരള കോണ്‍ഗ്രസ് തീരുമാനമെടുത്തു.ചെയര്‍മാന്‍ കെ എം ജോര്‍ജും എം പി ആയിരുന്ന ആര്‍ ബാലകൃഷ്ണപിള്ളയും മന്ത്രിമാരാകും എന്നായിരുന്നു ധാരണ. കുശാഗ്രബുദ്ധിമാനായിരുന്ന മാണി അപ്പോള്‍ ഒരു പുതിയ സിദ്ധാന്തം കൊണ്ടുവന്നു: പാര്‍ട്ടി ചെയര്‍മാനും പാര്‍ലമെന്ററി പാര്‍ട്ടി ലീഡരും ഒരാളാകാന്‍ പാടില്ല. അത് കത്തോലിക്കാ സഭയുടെ പിന്തുണയോടെ പാര്‍ട്ടിയെക്കൊണ്ട് അംഗീകരിപ്പിച്ചു. ജോര്‍ജ് സാറിനെപ്പോലെ ഒരാള്‍ ചെയര്‍മാന്‍ സ്ഥാനം വിട്ടിട്ടു മന്ത്രിയാകുകയോ…ഛെയ് ലജ്ജാവഹം. അതും മാണി തന്നെ പറഞ്ഞു. ചീരക്കറി ചെന്താമരക്കറി അളിയന് കൊട്, കോഴിക്കറി അഴുക്കുകറി എനിക്ക് താ എന്ന് പറഞ്ഞു മാണി മന്ത്രിയായി. അങ്ങനെ പാര്‍ട്ടിയുണ്ടാക്കിയ നേതാവ് പുറത്ത്.

അന്ന് പിന്നില്‍ നിന്ന് കിട്ടിയ കുത്ത് ജോര്‍ജിന്റെ ഹൃദയം തകര്‍ത്തു എന്നത് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തെ എന്നും പിന്തുടരുന്ന ശാപമാണ്. അന്ന് കിട്ടിയ ആഘാതത്തില്‍ നിന്ന് ജോര്‍ജ് ഒരിക്കലും മോചിതനായിരുന്നില്ല എന്ന് ബാലകൃഷ്ണപിള്ളയടക്കമുള്ള നേതാക്കള്‍ പലവട്ടം പറഞ്ഞിട്ടുണ്ട്.

പിന്നീട് ബാലകൃഷ്ണ പിള്ള ഒഴിഞ്ഞപ്പോള്‍ ജോര്‍ജ് മന്ത്രിയായി, എങ്കിലും അകാലത്തില്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ മൃതശരീരം കാണാന്‍ വരരുത് എന്ന് മൂവാറ്റുപുഴയിലെ കേരള കോണ്‍ഗ്രസുകാര്‍ മാണിയ്ക്ക് മുന്നറിയിപ്പ് നല്കിയിരുന്നു.പാര്‍ട്ടി സ്ഥാപകനെ ഇടംകാലുകൊണ്ട് വീഴ്ത്തിയ മാണി ഇപ്പോള്‍ തകര്‍ന്നു വീഴുമ്പോള്‍ ആ വീഴ്ചക്ക് സാക്ഷിയാകാന്‍ കെ . എം ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ് അതേ പാര്‍ട്ടിയില്‍ ഏറെ ശക്തനായി,അഴിമതിയുടെ കറ പുരളാതെ ഉണ്ട് എന്നത് കാലം കാത്തുവച്ച കാവ്യനീതി.

(മാണിയെ മുഖത്ത് നോക്കി പത്ത് പള്ള് നേരിട്ട് വിളിക്കാന്‍ പി. സി ജോര്‍ജിനെ കേരളാ കോണ്‍ഗ്രസ്സില്‍ കാലം കരുതി വെച്ചാതായിരിക്കാം..).

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.