1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2019

സ്വന്തം ലേഖകന്‍: കേരളാ കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി; കോഴിക്കോട്ട് ജില്ലാ ജനറല്‍ സെക്രട്ടറി രാജിവെച്ചു; പി.ജെ.ജോസഫ് വിമതനായി മല്‍സരിക്കുമെന്ന് സൂചന; തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കിയത് സി.പി.ഐ.എമ്മിനെ സഹായിക്കാനാണെന്ന് പി.എം ജോര്‍ജ്. പി.ജെ. ജോസഫിന് ലോക്‌സഭാ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി. കോഴിക്കോട്ട് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം ജോര്‍ജ് രാജിവെച്ചു. തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കിയത് സി.പി.ഐ.എമ്മിനെ സഹായിക്കാനാണെന്ന് പി.എം ജോര്‍ജ് ആരോപിച്ചു.

രണ്ടു പ്രാവശ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടയാളെ തന്നെ സ്ഥാനാര്‍ഥിയാക്കിത് സി.പി.ഐ.എമ്മിനെ സഹായിക്കാനാണ്. കെ.എം മാണിയുടെ പേരിലുള്ള അഴിമതി കേസും മകന്‍ ജോസ് കെ. മാണിയുടെ പേരിലുള്ള സരിത കേസും ഒതുക്കി തീര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും പി.എം ജോര്‍ജ് ആരോപിച്ചു.

അതേസമയം, കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തര്‍ക്കത്തില്‍ വേണ്ടി വന്നാല്‍ ഇടപെടുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ അറിയിച്ചു. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെ ഗൗരവത്തോടെയാണ് മുന്നണി നേതൃത്വം കാണുന്നതെന്നും കോട്ടയം സീറ്റില്‍ ഒരു പാളിച്ചയുണ്ടാകാന്‍ അനുവദിക്കില്ലെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ ദല്‍ഹിയില്‍ നിന്നും നാളെ തിരികെയെത്തിയശേഷം പ്രശ്‌നപരിഹാരമുണ്ടാകുമെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു. തര്‍ക്കം മുന്നോട്ട് കൊണ്ടുപോകാന്‍ ആവില്ലെന്നും കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ഏറെ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണിതെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു. അത് ഉള്‍ക്കൊണ്ട് പ്രശ്‌നം അടിയന്തിരമായി തീര്‍ക്കണമെന്നും യു.ഡി.എഫ് കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.

കോട്ടയത്ത് മത്സരിക്കാന്‍ താല്‍പ്പര്യം അറിയിച്ച പി.ജെ ജോസഫിനെ തള്ളി തോമസ് ചാഴികാടനെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായി പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി പ്രഖ്യാപിച്ചിരുന്നു. നാടകീയമായ രംഗങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമായിരുന്നു തോമസ് ചാഴികാടന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം.

ഒറ്റവരി വാര്‍ത്താക്കുറിപ്പിലൂടെയാണ് പാര്‍ട്ടി ചാഴികാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്. സ്ഥാനാര്‍ഥിയാകണമെന്ന് പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ച പി.ജെ ജോസഫിനെ തള്ളിയായിരുന്നു ചാഴിക്കാടനെ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയത്.

കോട്ടയത്ത് സ്ഥാനാര്‍ഥിത്വം ഏറെക്കുറേ ഉറപ്പിച്ച ജോസഫിനെ തിങ്കളാഴ്ച അപ്രതീക്ഷിത നീക്കത്തിലൂടെ മാണി വിഭാഗം അട്ടിമറിക്കുകയായിരുന്നു. ഞായറാഴ്ച നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പി.ജെ ജോസഫിന്റെ പേര് മാത്രമായിരുന്നു ചര്‍ച്ചചെയ്തത്. ഇതില്‍ ധാരണയിലെത്തുകയും ചെയ്തു. എന്നാല്‍, മാണി വിഭാഗം നേതാക്കള്‍ മറ്റൊരു സ്ഥാനാര്‍ഥിയെന്ന കടുത്ത നിലപാടിലേക്ക് മാറുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.