1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2016

സ്വന്തം ലേഖകന്‍: കേരളത്തില്‍ ഇടതു തരംഗം, ബിജെപിക്ക് ചരിത്ര വിജയം സമ്മാനിച്ച് നേമത്ത് ഒ രാജഗോപാല്‍. എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരി വെച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചു കയറിയപ്പോള്‍ അടുത്ത അഞ്ചു വര്‍ഷം കേരളം ഇടതു പക്ഷം ഭരിക്കണമെന്ന് മലയാളികള്‍ വിധിയെഴുതി. ശക്തമായ ഭരണ വിരുദ്ധ വികാരം പ്രതിഫലിപ്പിച്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഭരണ കക്ഷിയായ യുഡിഎഫ് തകര്‍ന്നിടിഞ്ഞു.

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് എല്‍ഡിഎഫ് 91, യുഡിഎഫ് 47, എന്‍ഡിഎ 1, മറ്റുള്ളവര്‍ 1 എന്നാണ് കക്ഷി നില. തര്‍ക്കം മൂലം വീണ്ടും വോട്ടെണ്ണുകയും ഫലം താമസിക്കുകയും ചെയ്യുന്ന മണ്ഡലങ്ങള്‍ കൂടി ചേരുമ്പോള്‍ ഈ നിലയില്‍ നേരിയ മാറ്റമുണ്ടാകാം. എങ്കിലും കേവല ഭൂരിപക്ഷം ഉറപ്പിച്ച എല്‍ഡിഎഫ് അടുത്ത വര്‍ഷം കേരളം ഭരിക്കുമെന്ന് ഉറപ്പായി.

സിപിഐഎം 58 സീറ്റുമായി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോണ്‍ഗ്രസ് 21 സീറ്റിലേക്ക് ചുരുങ്ങി. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ എ ഗ്രൂപ്പിന് മേല്‍ക്കൈ നഷ്ടപ്പെട്ടു. ഐ ഗ്രൂപ്പിനാണ് കൂടുതല്‍ എംഎല്‍എമാര്‍. സിപിഐക്ക് 19 സീറ്റും മുസ്ലീംലീഗിന് 18 സീറ്റുമുണ്ട്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് 2 സീറ്റുകള്‍ നഷ്ടമായി. ആര്‍എസ്പി, ജെഡിയു, സിഎംപി സിപി ജോണ്‍ വിഭാഗം, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നിവയ്ക്ക് ഒറ്റ സീറ്റുമില്ല.

വടക്കാഞ്ചേരിയില്‍ വോട്ടിംഗ് യന്ത്രം കേടുവന്നതിനെ തുടര്‍ന്ന് ഫല പ്രഖ്യാപനം നീട്ടിവച്ചു. കേടായ യന്ത്രത്തില്‍ 960 വോട്ടുകളുണ്ട്. ഇതു തുറക്കാന്‍ ഹൈദരാബാദില്‍നിന്നു പ്രത്യേക സംഘം എത്തണം. ഈ യന്ത്രത്തിലെ വോട്ടെണ്ണാന്‍ ബാക്കി നില്‍ക്കെ യുഡിഎഫിലെ അനില്‍ അക്കര മൂന്നു വോട്ടിനു മുന്നിലാണ്. കാസര്‍കോട്ട് 89 വോട്ടിന് പരാജയപ്പെട്ട എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ വീണ്ടും വോട്ടെണ്ണണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.

ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. നേമത്ത് ഒ.രാജഗോപാല്‍ 8671 വോട്ടിന് സി.പി.എമ്മിലെ ശിവന്‍കുട്ടിയെ പരാജയപ്പെടുത്തി താമര വിരിയിച്ചു. രാജഗോപാല്‍ 67813വോട്ട് നേടിയപ്പോള്‍ ശിവന്‍കുട്ടിക്ക് 59142 വോട്ടാണ് ലഭിച്ചത്. തിരുവനന്തപുരത്ത് തന്നെ കഴക്കൂട്ടം,വട്ടിയൂര്‍കാവ് മണ്ഡലങ്ങളില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, പാലക്കാട് ജില്ലയിലെ മലമ്പുഴ,പാലക്കാട്, കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം,കാസര്‍കോട് മണ്ഡലങ്ങളിലും ബി.ജെ.പി രണ്ടാം സ്ഥാനത്തത്തെി. ഈ തിരഞ്ഞെടുപ്പോടെ ഇടതു, വലതു മുന്നണികള്‍ക്ക് ശക്തമായ ബദലായി ബിജെപി കേരള രാഷ്ട്രീയത്തില്‍ കാലുറപ്പിക്കുകയും ചെയ്തു.

മന്ത്രിമാരായ കെ.ബാബു,ഷിബു ബേബി ജോണ്‍, പി.കെ ജയലക്ഷ്മി, കെ.പി മോഹനന്‍ എന്നിവര്‍ കനത്ത തോല്‍വി ഏറ്റുവാങ്ങി. കെ.സുധാകരന്‍ അടക്കം പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും പരാജയമേറ്റു വാങ്ങി. മുസ്ലിം ലീഗിന്റെ ഹുസൈന്‍ രണ്ടത്താണി താനൂരില്‍ ഇടതു സ്വതന്ത്രനായ വി.അബ്ദുറഹ്മാനോട് 4918 വോട്ടുകള്‍ക്ക് തോറ്റു. ശക്തമായ മല്‍സരം നടന്ന അഴീക്കോട് മണ്ഡലത്തില്‍ നികേഷ് കുമാറിനെ പരാജയപ്പെടുത്തി കെ.എം ഷാജി സീറ്റ് നിലനിര്‍ത്തി.

ശിവന്‍കുട്ടി, കെ.കെ ലതിക, സി.എച്ച് കുഞ്ഞമ്പു എന്നിവര്‍ ഒഴികെ എല്‍.ഡി.എഫിലെ പ്രമുഖര്‍ വിജയം നിലനിര്‍ത്തി. മട്ടന്നൂരിലെ ഇടതു സ്ഥാനാര്‍ഥി ഇ.പി ജയരാജന്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായ 43381 വോട്ടുകള്‍ നേടി റെക്കോര്‍ഡിട്ടു. സ്പീക്കര്‍ എന്‍. ശക്തന്‍, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ പരാജയപ്പെട്ടു.

സിനിമാ താരങ്ങളായ ജഗദീഷ്, ഭീമന്‍ രഘു, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍, പി.എസ് ശ്രീധരന്‍ പിളള, ശോഭ സുരേന്ദ്രന്‍ എന്നിവരും തോറ്റു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.