1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2016

സ്വന്തം ലേഖകന്‍: നിയമസഭാ തെരഞ്ഞെടുപ്പ്, കേരളത്തില്‍ 74.12% പോളിംഗ്, ആക്രമ സംഭവങ്ങളില്ലാത്ത ശാന്തമായ തെരഞ്ഞെടുപ്പ്. രാവിലെ മുതല്‍ ശക്തമായ മഴയെ അവഗണിച്ചാണ് കേരളം കനത്ത പോളിങ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ചയാണു വോട്ടെണ്ണല്‍. ഇത്തവണ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് കണ്ണൂര്‍ ജില്ലയിലാണ് 81.76 ശതമാനം. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയില്‍ 65.87 ശതമാനം.

120 കമ്പനി കേന്ദ്രസേനയടക്കം ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും സംസ്ഥാനത്തുണ്ടായിരുന്നു. കാര്യമായ അക്രമസംഭവങ്ങള്‍ ഉണ്ടായില്ല. ചില ജില്ലകളിലെ ബൂത്തുകളില്‍ പോളിങ് മെഷീനുകള്‍ പണിമുടക്കിയതു മൂലം അല്‍പ്പസമയത്തേക്കു വോട്ടിങ് തടസപ്പെട്ടു. പ്രമുഖ നേതാക്കള്‍ മത്സരിച്ച മണ്ഡലങ്ങളിലെല്ലാം കനത്ത പോളിങ് രേഖപ്പെടുത്തി.

ഗ്രാമപ്രദേശങ്ങളിലും മലയോര ഖേലകളിലും കനത്ത മഴ കാരണം പോളിംഗ് മന്ദഗതിയിലായിരുന്നു. വടക്കന്‍ ജില്ലകളിലാണു കനത്ത വോട്ടിങ് നടന്നത്. വടക്കന്‍ ജില്ലകളിലെ ബൂത്തുകളില്‍ രാവിലെ മുതല്‍ തന്നെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. തെക്കന്‍ ജില്ലകളില്‍ വോട്ടിങ് ശതമാനം കുറഞ്ഞു. രാവിലെയും വൈകുന്നേരവുമാണ് തെക്കന്‍ ജില്ലകളിലെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ കൂട്ടത്തോടെയെത്തിയത്.

രാവിലെ പത്തിന് 15 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. 11 ആയപ്പോള്‍ പോളിങ് ശതമാനം 25 ലേക്കു കടന്നു. വടക്കന്‍ ജില്ലകളിലെ കനത്ത പോളിങ്ങാണ് നിരക്ക് കുത്തനെ ഉയരാന്‍ കാരണം. ഉച്ചയ്ക്കു രണ്ടായപ്പോഴേക്കും 45 ശതമാനം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി. മൂന്നു കഴിഞ്ഞപ്പോഴാണു പോളിങ് 50 ശതമാനത്തിലെത്തിയത്. ആരു മണിക്കു പോളിംഗ് അവസാനിക്കുമ്പോള്‍ ക്യൂവിലുണ്ടായിരുന്ന എല്ലാവര്‍ക്കും വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കിയിരുന്നു.

കേരളത്തിനൊപ്പം ജനവിധി തേടിയ തമിഴ്‌നാട്ടില്‍ 72% പുതുച്ചേരിയില്‍ 84.11% ശതമാനവും പോളിങ്. 232 നിയമസഭാ മണ്ഡലങ്ങളുള്ള തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. പണമൊഴുക്കു നടന്നതിന്റെ പേരില്‍ മാറ്റിവച്ച അറവക്കുറിച്ചി, തഞ്ചാവൂര്‍ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് 23 ന് നടക്കും. ചരിത്രത്തിലാദ്യമായാണ് തമിഴ്‌നാട്ടിലെ രണ്ടു മണ്ഡലങ്ങളില്‍ ഇത്തരത്തില്‍ വോട്ടെടുപ്പ് മാറ്റിവയ്ക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

പുതുച്ചേരിയില്‍ 84.11% പോളിങ് രേഖപ്പെടുത്തി. 30 അംഗ അസംബ്ലിയിലേക്ക് 344 പേരാണ് ഇക്കുറി മല്‍സരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.