1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2018

സ്വന്തം ലേഖകന്‍: കേരളത്തിന്റെ പ്രളയക്കെടുതിയില്‍ ഒരു കൈ സഹായവുമായി ഖത്തര്‍ റെഡ്‌ക്രോസും; പുനര്‍നിര്‍മാണത്തിനായി 36 കോടിയുടെ സഹായം. ഭാഗികമായും, പൂര്‍ണമായും തകര്‍ന്ന വീടുകള്‍, സ്‌കൂളുകള്‍, അംഗന്‍വാടികള്‍, ശുചിമുറികള്‍ എന്നിവയുടെ പുനര്‍നിര്‍മാണത്തിനു വേണ്ടിയാണ് ഈ തുക വിനിയോഗിക്കുന്നത്. പ്രളയ ബാധിത പ്രദേശങ്ങളുടെ വികസനത്തിനായി ഒരു വിദേശ റെഡ് ക്രോസ് സൊസൈറ്റി നല്‍കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

കഴിഞ്ഞ മാസം 28ന് ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ വെച്ചാണ് ഖത്തര്‍ റെഡ്ക്രസന്റും നാഷണല്‍ റെഡ് ക്രോസ് സൊസൈറ്റിയും തമ്മില്‍ ഒപ്പുവെച്ചത്. ധനസഹായം നല്‍കുന്നതിന്റെ ഭാഗമായി ഖത്തര്‍ റെഡ് ക്രസന്റ് തിരുവനന്തപുരത്ത് നയതന്ത്ര സുരക്ഷയോടു കൂടിയ ഓഫീസ് തുറക്കുമെന്ന് കേരള റെഡ്‌ക്രോസ് സൊസൈറ്റി വൈസ് ചെയര്‍മാന്‍ സുനില്‍ സി. കുര്യന്‍ അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വിപുലമായ ഈ പദ്ധതി നടപ്പാക്കുന്നത്. സഹായം ആവശ്യമുള്ളവരുടെ ലിസ്റ്റ് നല്‍കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി നടത്തിപ്പിന്റെ പൂര്‍ണ ചുമതല റെഡ് ക്രോസിനായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ധനസഹായത്തിനു പുറമേ മലപ്പുറം, ഇടുക്കി ജില്ലകളിലെ രണ്ട് ഗ്രാമങ്ങള്‍ റെഡ് ക്രോസ് ദത്തെടുക്കും.

ഈ ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിന് മുന്‍തൂക്കം കൊടുക്കുന്ന വിധത്തിലാണ് പദ്ധതികള്‍ക്ക് രൂപം നല്ക്കുന്നത്. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രസന്റിന്റെ കണ്‍ട്രി ക്ലസ്റ്റര്‍ ഹെഡ് ലിയോ പ്രോപ് ഈ മാസം 14 ന് കേരളത്തിലെത്തും. പ്രളയബാധിത പ്രദേശങ്ങളില്‍ ശ്രീലങ്ക, നേപ്പാള്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ റെഡ് ക്രോസില്‍ നിന്ന് വിവിധ സഹായങ്ങള്‍ ലഭിച്ചിരുന്നു. കൂടാതെ കനേഡിയന്‍ റെഡ്‌ക്രോസ് ഭാരവാഹികള്‍ ഈ മാസം പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.