1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2018

സ്വന്തം ലേഖകന്‍: മഹാപ്രളയം; പ്രധാനമന്ത്രി മോദി കേരളത്തിലേക്ക്; സംസ്ഥാനത്ത് ഓണാവധി നേരത്തെ; സ്‌കൂളുകള്‍ വെള്ളിയാഴ്ച പൂട്ടും; നെടുമ്പാശേരി വിമാനത്താവളം 26 വരെ അടിച്ചിടും. സംസ്ഥാനത്ത് ഓണാവധി ഇത്തവണ നേരത്തെയാക്കി. മഴക്കെടുതി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളും ഇന്ന് പൂട്ടുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 29ന് ആയിരിക്കും സ്‌കൂളുകള്‍ പിന്നീടു തുറക്കുക.

മഴക്കെടുതി മൂലം കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, എറണാകുളം, പാലക്കാട്, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി ജില്ലകളില്‍ പ്രവൃത്തിദിനമായിരിക്കും. കാസര്‍ഗോട്ടെ വെള്ളരിക്കുണ്ട് താലൂക്കിലെ പ്രൊഫഷണല്‍ കോളെജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നല്‍കിയിട്ടുണ്ട്.

കനത്ത മഴയിലും പ്രളയക്കെടുതിയിലും സ്‌കൂളുകളില്‍ മിക്കതും ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്നതിനാല്‍ ഓഗസ്റ്റ് 31ന് തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന ഒന്നാം പാദ വാര്‍ഷിക പരീക്ഷ മാറ്റിവച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നു.

മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ഓണാവധിക്കായി നേരത്തേ അടച്ചു. 29ന് തുറക്കും. ഇരുപതു മുതലാണു നേരത്തേ ഓണാവധി നിശ്ചയിച്ചിരുന്നത്. ഓഗസ്റ്റ് 31 വരെ നടത്താനിരുന്ന സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവച്ചു.

കണ്ണൂര്‍ സര്‍വകലാശാല ഓണാവധിക്കായി വ്യാഴാഴ്ച അടച്ചു. 29ന് തുറക്കും. 18 മുതലാണു നേരത്തെ ഓണാവധി നിശ്ചയിച്ചിരുന്നത്. 21 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റി. ഓണാവധിക്കുശേഷം 28നു കോളജുകള്‍ തുറന്നശേഷമേ ഇനി പരീക്ഷകളുണ്ടാവൂ. വെള്ളിയാഴ്ച നടത്താനിരുന്ന കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് 31ലേക്ക് മാറ്റി.

ആരോഗ്യ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചു. പുതിയ തീയതികള്‍ പിന്നീട് അറിയിക്കും. അതേസമയം പ്രായോഗിക പരീക്ഷകള്‍ക്കു മാറ്റമില്ല. കാര്‍ഷിക സര്‍വകലാശാലയില്‍ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ മാറ്റിവെച്ചു. വെറ്ററിനറി സര്‍വകലാശാലയില്‍ വെള്ളിയാഴ്ച പരീക്ഷകളൊന്നും ഇല്ല.

പ്രളയക്കെടുതി രൂക്ഷമായതോടെ നെടുമ്പാശ്ശേരി വിമാനത്താവളം ഈ മാസം 26 വരെ അടച്ചിടും. റണ്‍വേയില്‍ വെള്ളം കയറിയ സാഹചര്യത്തിലാണ് 26 ന് ഉച്ചയ്ക്ക് രണ്ട് മണിവരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുന്നതായി സിയാല്‍ അറിയിച്ചത്.

റണ്‍വേയ്ക്ക് പുറമെ ടാക്‌സിവേ, ഏപ്രണ്‍ എന്നിവയിലും വെള്ളം കയറിയിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാലും പരിസരപ്രദേശം വെള്ളത്തില്‍ മുങ്ങിയതിനാലും റണ്‍വേയിലെ വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് കളയാന്‍ പറ്റാത്തതാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഇടയാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് ഇക്കാര്യം അറിയിച്ചത്. വൈകീട്ട് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ശനിയാഴ്ച കൊച്ചിയില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

കേരളം ചോദിക്കുന്നതെല്ലാം തരുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കണ്ണന്താനം വ്യക്തമാക്കി. കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. രാജ്ഭവനിലായിരിക്കും പ്രധാനമന്ത്രി തങ്ങുക. കേരളത്തിലെ മഴക്കെടുതി നേരിട്ട് വിലയിരുത്തുന്നതിനാണ് മോദിയുടെ സന്ദര്‍ശനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.