1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2018

സ്വന്തം ലേഖകന്‍: മഴക്കെടുതിയില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരം; 17 ദിവസത്തിനിടെ 170 ലേറെ മരണം; പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകള്‍ ദുരിതത്തില്‍; 2,00,000 ത്തിലേറെപ്പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍. ആയിരക്കണക്കിനാളുകളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. 52,856 കുടുംബങ്ങളിലായി 2,23,000 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.

അതേസമയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. രണ്ടു ജില്ലകളിലും അതീവജാഗ്രതാനിര്‍ദേശം ശനിയാഴ്ച വരെ നീട്ടി. തൃശൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കു മാത്രമേ സാധ്യതയുള്ളൂ. മറ്റന്നാള്‍ മുതല്‍ എല്ലാ ജില്ലകളിലും മഴ ദുര്‍ബലമാകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍

പ്രളയക്കെടുതിയില്‍ നിന്ന് സൈന്യം ഇതുവരെ രക്ഷപ്പെടുത്തിയത് 15000 പേരെ. ‘ഓപ്പറേഷന്‍ സഹ്യോഗ്’ വഴിയാണ് ഇതുവരെ 15000 പേരെ രക്ഷപ്പെടുത്തിയത്. ഓഗസ്റ്റ് 9 മുതല്‍ ഇന്നുവരെയുള്ള കണക്കാണിത്. എയര്‍ലിഫ്റ്റിംഗിലൂടെ ഇന്നു മാത്രം 132 പേരെ രക്ഷപ്പെടുത്തിയെന്ന് വ്യോമസേന വ്യക്തമാക്കിയിട്ടുണ്ട്. ആലപ്പുഴയില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് സംഘങ്ങളെ വിവിധ ഭാഗങ്ങളിലായി വിന്യസിചിട്ടുണ്ട്.

രണ്ടു സംഘങ്ങളെ ചെങ്ങന്നൂരിലും ഓരോ സംഘത്തെ വീതം രാമങ്കരി, മുട്ടാര്‍, പുളിങ്കുന്ന് ഭാഗങ്ങളിലേക്കുമാണ് നിയോഗിച്ചിട്ടുള്ളത്. കര, നാവിക, വ്യോമസേനകള്‍, ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവയുടെ സംയുക്ത സംഘമാണ് സര്‍വ സന്നാഹങ്ങളുമായി രക്ഷാപ്രവര്‍ത്തനത്തിനുള്ളത്. അതേസമയം, സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളുടെ സംരക്ഷണത്തിനായി കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

മൊബൈല്‍ ബന്ധം തകരാറിലായ സ്ഥലങ്ങളില്‍ ആവശ്യമുള്ള ബോട്ടുകള്‍ക്കൊപ്പം പൊലീസിന്റെ വയര്‍ലെസ് സെറ്റും അതു കൈകാര്യം ചെയ്യേണ്ട ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യവസ്തുക്കള്‍ പൊലീസ് മുഖേന കൈമാറാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇത്തരം സാധനങ്ങള്‍ പായ്ക്ക് ചെയ്ത് പൊലീസ് സ്‌റ്റേഷനിലോ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലോ ഏല്‍പ്പിക്കാം.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.