1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2018

സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് തുള്ളിക്കൊരു കുടം പേമാരി; ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; അതീവ ജാഗ്രതാ മുന്നറിയിപ്പ്. കേരളത്തില്‍ ഇന്നും നാളെയും കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍ മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും മഴ ശക്തമാകാന്‍ ഇടയുണ്ട്.

മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. നീരൊഴുക്കു ശക്തമായതിനാല്‍ അണക്കെട്ടുകളെല്ലാം തുറന്നനിലയില്‍ തുടരുന്നു. സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ ഉരുള്‍പൊട്ടി വ്യാപക കൃഷിനാശമുണ്ടായി.

മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. ഡാമിലെ ജലനിരപ്പ് 1599.20 മീറ്റര്‍ എത്തിയതോടെയാണ് ഷട്ടര്‍ 30 സെന്റിമീറ്റര്‍ തുറന്നത്. രാവിലെ 9 മണിയോടെയാണ് അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 12.50 ക്യുമക്‌സ് വെള്ളമാണ് ഇതിലൂടെ പുറത്തേക്ക് ഒഴുക്കിവിടുന്നത്. 1599.59 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി.

മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കട്ടി, ലോവര്‍ പെരിയാര്‍ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം, ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തി. മലമ്പുഴ ഡാമിന്റെ ഷട്ടര്‍ 54 സെന്റിമീറ്ററായി ഉയര്‍ത്തും. കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളില്‍ മഴ തുടരുകയാണ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.