1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2019

സ്വന്തം ലേഖകന്‍: മഹാദുരന്തം വിതച്ച പേമാരിയെ ഒറ്റക്കെട്ടായി നേരിടുകയാണ് കേരളം. മുതിര്‍ന്നവര്‍ മുതല്‍ കൊച്ചു കുട്ടികള്‍ വരെയുണ്ട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവരുടെ കൂട്ടത്തില്‍. നാളുകളായി ശേഖരിച്ചു വച്ച കൊച്ചു പണപ്പെട്ടി പൊട്ടിച്ച് നാണയത്തുട്ടുകള്‍ നല്‍കിയ നിരവധി മിടുക്കരെ നമ്മള്‍ ഇതോടകം കണ്ടു കഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു മിടുക്കി സ്വന്തം കാതിലെ കമ്മല്‍ ഊരി മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നു.

ആലുവ സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ലിയാന തേജസ് എന്ന ഈ കൊച്ചു പെണ്‍കുട്ടി. സഖാവ് എംഎം ലോറന്‍സിന്റെ നവതി ആദര പരിപാടികള്‍ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങുന്നതിനിടെയാണ് സംഭവം. കുടുക്കയിലെ സമ്പാദ്യം നല്‍കിയ ശേഷം ഇതും കൂടി എന്ന് പറഞ്ഞ് കാതിലെ രണ്ടു കമ്മലുകളും കൊച്ചുമിടുക്കി മുഖ്യമന്ത്രിക്ക് ഊരി നല്‍കി.

സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തങ്കച്ചന്റെയും നേഴ്‌സായ സിനിമോളുടെയും മകളാണ് ലിയാന.’ലിയാനയെപ്പോലെ കുറേ കുട്ടികള്‍ മാതൃകയാകുന്നത് ഓരോ ദിവസത്തേയും അനുഭവമാണ്’. നമ്മുടെ കുട്ടികളാണ് നവകേരളത്തിന്റെ സമ്പത്തെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രളയം മൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ദുരിതാശ്വാസ നിധി സമാഹരിക്കുന്ന ദിവസങ്ങളാണിത്. ഓരോ ദിവസവും വ്യത്യസ്തങ്ങളായ അനുഭവം ഉണ്ടാകാറുണ്ട്. പ്രത്യേകിച്ചും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി കുട്ടികള്‍ എത്തുമ്പോള്‍.

അത്തരത്തില്‍ മനസില്‍ തട്ടിയ ഒരു അനുഭവം ഇന്ന് കൊച്ചിയില്‍ വച്ചുണ്ടായി. സഖാവ് എം എം ലോറന്‍സിന്റെ നവതി ആദര പരിപാടികള്‍ക്കു ശേഷം മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് ഒരു കൊച്ചു മിടുക്കി കാറിനടുത്തേക്ക് ഓടി വന്നത്. തന്റെ സമ്പാദ്യ കുടുക്കയിലെ പണം ദുരിതാശ്വാസ നിധിയിലേക്ക് ഏല്‍പ്പിക്കാനായിരുന്നു ആ കുട്ടി അത്ര നേരവും കാത്തിരുന്നത്. യാത്ര പറയാന്‍ തുടങ്ങിയപ്പോഴാണ് അവള്‍ എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയത്. ‘ദാ ഇതും കൂടി ‘ എന്ന് പറഞ്ഞ് രണ്ടു കാതിലെ കമ്മലും ആ മിടുക്കി ഊരി നല്‍കി. ലിയാന തേജസ് എന്ന നാലാം ക്ലാസുകാരിയാണ് മനുഷ്യ സ്‌നേഹത്തിന്റെ വലിയ മാതൃക നമുക്ക് കാട്ടിത്തന്നത്.

ആലുവ സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ലിയാന. സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തങ്കച്ചന്റെയും നേഴ്‌സായ സിനിമോളുടെയും മകളാണെന്ന് പിന്നീട് മനസിലാക്കി. ലിയാനയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ലിയാനയെപ്പോലെ കുറേ കുട്ടികള്‍ മാതൃകയാകുന്നത് ഓരോ ദിവസത്തേയും അനുഭവമാണ്. നമ്മുടെ കുട്ടികളാണ് നവകേരളത്തിന്റെ സമ്പത്ത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല