1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2018

സ്വന്തം ലേഖകന്‍: രക്ഷാപ്രവര്‍ത്തകര്‍ക്കും കുടുങ്ങിക്കിടക്കുന്നവര്‍ക്കും പ്രതീക്ഷ നല്‍കി പേമാരിക്ക് നേരിയ ആശ്വാസം; കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത കുറയുന്നു; ശനിയാഴ്ചയോടെ ന്യൂനമര്‍ദ്ദം പിന്‍വാങ്ങിയേക്കും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം മധ്യപ്രദേശ് മേഖലയിലേക്ക് മാറിയതോടെയാണിത്. അതിനാല്‍ മഴയുടെ തീവ്രത കുറയും. കേരളത്തില്‍ അതിതീവ്ര മഴ ഉണ്ടാകില്ലെങ്കിലും 13 ജില്ലകളിലും റെഡ് അലര്‍ട്ട് തുടരും.

ന്യൂന മര്‍ദ്ദം കേരളത്തില്‍ നിന്നും വിടവാങ്ങി തുടങ്ങി. മഴയുടെ ശക്തി കേരളത്തില്‍ കുറഞ്ഞു വരികയാണ്. ഇന്ന് മഴ ഉണ്ടാകുമെങ്കിലും മുന്‍ ദിവസങ്ങളിലെ ശക്തി ഉണ്ടാവില്ല. മറ്റു പ്രതികൂല സാഹചര്യങ്ങളൊന്നും പൊടുന്നനെ ഉണ്ടാവുന്നില്ലെങ്കില്‍ ശനിയാഴ്ചയോടെ മഴ എല്ലാ ജില്ലകളിലും കുറയും. മഴ മാറി നിന്നാല്‍ നാല് അഞ്ചു മണിക്കൂര്‍നുള്ളില്‍ വെള്ളം താഴും.

30 മുതല്‍ 60 ദിവസം വരെ ഇടവിട്ട്, മഴയുടെ ശക്തി കൂടിയും കുറഞ്ഞും വരുന്ന മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എംജെഒ) എന്ന പ്രതിഭാസമാണു കേരളത്തില്‍ പെരുമഴയ്ക്കു കാരണമായത്. ഇതോടൊപ്പം ഒഡീഷ തീരത്തു ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതും പെരുമഴ വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം നേരത്തേ ആരംഭിച്ചു. മേയ് ആദ്യ ആഴ്ചകളില്‍ തന്നെ ശക്തമായ മഴ തുടങ്ങിയിരുന്നു.

കടലിലെ താപനില വര്‍ധിക്കുന്നതാണ് ന്യൂനമര്‍ദം രൂപപ്പെടുന്നതിന് കാരണം. കടലിലെ താപനില നിയന്ത്രിക്കാന്‍ പ്രകൃതി തന്നെ സ്വയം കണ്ടെത്തുന്ന പ്രതിഭാസമാണു ന്യൂനമര്‍ദവും തുടര്‍ന്നുണ്ടാകുന്ന മഴയും. ഒഡീഷ തീരത്തു ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടപ്പോള്‍ ആ ഭാഗത്തേക്കു വായുവിന്റെ ശക്തമായ പ്രവാഹമാണ് ഉണ്ടായത്. അറബിക്കടലിലെ ഈര്‍പ്പം നിറഞ്ഞ വായുവിനെ ന്യൂനമര്‍ദം വലിച്ചെടുത്തു. ഈ വായുവിന്റെ സഞ്ചാരം കേരളത്തിനു മുകളിലൂടെയായിരുന്നു.

ഭൂനിരപ്പിനു സമാന്തരമായി സഞ്ചരിക്കുന്ന വായുപ്രവാഹം പശ്ചിമഘട്ട മലനിരകളില്‍ തട്ടി കുത്തനെ മുകളിലേക്കു സഞ്ചരിക്കും. കിലോമീറ്ററുകള്‍ പരന്നു കിടക്കുന്ന മഴമേഘങ്ങളാണു പിന്നീടു രൂപപ്പെടുക. പശ്ചിമഘട്ടം ഉള്ളതിനാല്‍ ഈ മഴമേഘങ്ങള്‍ കേരളത്തിനു മുകളി!ല്‍ തന്നെ പെയ്‌തൊഴിയുന്ന പ്രതിഭാസമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായി കടല്‍വെള്ളത്തിന്റെ ചൂടു വര്‍ധിക്കുന്നതാണു ന്യൂനമര്‍ദത്തിനു കാരണമാകുന്നത്.

സാധാരണ ഗതിയില്‍ രണ്ട് ആഴ്ച ഇടവിട്ടായിരിക്കും ന്യൂനമര്‍ദം രൂപപ്പെടുന്നത്. എന്നാല്‍, ഇത്തവണ ഒന്നിനു പിന്നാലെ ഒന്നായി ന്യൂനമര്‍ദം രൂപപ്പെട്ട് തോരാതെ മഴ പെയ്തതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനു കാരണമായത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.