1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2020

സ്വന്തം ലേഖകൻ: സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എൻഐഎ അന്വേഷണ സംഘം കൊച്ചി കടവന്ത്ര ഗിരിനഗർ റോഡിലെ എൻഐഎ ഓഫിസിൽ എത്തിച്ചു. അറസ്റ്റ് ചെയ്ത മുഖ്യപ്രതികളെ കോടതി റിമാന്റ് ചെയ്തു. സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് പാർപ്പിക്കുക. സ്വപ്നയെ തൃശ്ശൂരിലെ നിരീക്ഷണ കേന്ദ്രത്തിലും സന്ദീപിനെ കറുകുറ്റിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റും.

പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ എൻഐഎ ഹർജി സമർപ്പിച്ചെങ്കിലും കോടതി അനുവദിച്ചില്ല. കൊവിഡ് റിസൾട്ട്‌ നെഗറ്റീവ് ആണെങ്കിൽ അടുത്ത ദിവസം പ്രതികളെ ഹാജരാക്കാൻ കോടതി നിർദ്ദേശം. കസ്റ്റഡി അപേക്ഷ അപ്പോൾ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

ശനിയാഴ്ചയാണ് ബെംഗളൂരുവിലുള്ള സ്വപ്നയുടെയും സന്ദീപിന്റെയും താമസസ്ഥലത്ത് നിന്ന് ഇരുവരേയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വൈകിട്ട് ഏഴോടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് എൻഐഎ വൃത്തങ്ങൾ സൂചിപ്പിച്ചു. യുഎപിഎ ചുമത്തിയാണു എൻഐഎ കേസെടുത്തിരിക്കുന്നത്.

സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും വഹിച്ചുള്ള എൻഐഎ വാഹനവ്യൂഹം കൊച്ചി കടവന്ത്ര ഗിരിനഗർ റോഡിലെ എൻഐഎ ഓഫിസിൽ എത്തിയപ്പോൾ കോൺഗ്രസ്, ബിജെപി പ്രവർത്തകരുടെ വൻ പ്രതിഷേധം ഉണ്ടായത്. വലിയ മാധ്യമസംഘവും പൊലീസ് സന്നാഹവുമുണ്ട്.

കൊവിഡ് പരിശോധനയുടെ ഭാഗമായി ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചു സ്വപ്നയുടെയും സന്ദീപിന്റെയും സ്രവം ശേഖരിച്ച ശേഷമാണ് എൻഐഎ സംഘം ഇവരെ ഓഫിസിലെത്തിച്ചത്. രാവിലെയോടെ വാളയാർ ചെക്പോസ്റ്റ് പിന്നിട്ട സംഘം അതിവേഗമാണു ബെംഗളൂരുവിൽനിന്നു വാഹനത്തിൽ യാത്ര ചെയ്തത്. പ്രതികളുമായി പോവുകയായിരുന്ന വാഹനത്തിന്റെ ടയർ വടക്കഞ്ചേരിക്കുസമീപം പഞ്ചറായി. പ്രതികളെ മറ്റെ‍ാരു വാഹനത്തിൽ കയറ്റി യാത്ര തുടർന്നു.

സ്വപ്നയുണ്ടായിരുന്ന വാഹനത്തിന്റെ പിൻവശത്തെ ടയറാണ് പെ‍ാട്ടിയത്. ഇതേത്തുടർന്ന് ഏതാനും മിനിറ്റുകൾ സംഘത്തിനു യാത്ര നിർത്തേണ്ടി വന്നു. അതതു സ്ഥലങ്ങളിലെ സ്റ്റേഷനുകളുടെ നേതൃത്വത്തിൽ കേരള പെ‍ാലീസ് സംഘത്തെ അനുഗമിച്ചു സുരക്ഷയൊരുക്കി. പ്രതികളെ കെ‍ാണ്ടുവരുന്ന വഴിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ വാളയാറിൽ പ്രതിഷേധസമരം നടത്തിയെങ്കിലും പെ‍ാലീസ് ഇടപെട്ട് ഒഴിവാക്കി.

അതിനിടെ സ്വർണക്കടത്ത് കേസിലെ പ്രതി ഫാസിൽ ഫരീദിനായി എൻഐഎ വല മുറുക്കുന്നു. ഫാസിലിനെ ഇന്ത്യക്ക് കൈമാറാൻ യുഎഇയോട് ഏജന്‍സി ആവശ്യപ്പെടും. ഇതിനുള്ള നടപടികൾ പൂർത്തിയായി കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ഫാസിൽ താമസിക്കുന്നത് ദുബായ് അൽ-റാഷിദിയയിലാണെന്നും വിവരം. ഇയാൾ ഭീകരവാദ ബന്ധമുള്ള കേസിലെ പ്രതിയെന്ന് എൻഐഎ അധികൃതർ പറയുന്നു. ഫാസിലിന് ദുബായിൽ ഉന്നത ബന്ധങ്ങളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

സ്വർണക്കടത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹായമുണ്ടെന്നാണ് വിവരം. കയ്പമംഗലത്തിന് സമീപം മൂന്ന് പീടികയിൽ ആണ് ഫാസിലിന്റെ വീട്. 19ാം വയസിൽ ഗൾഫിലേക്ക് പോയ ഫാസിൽ 2003 ലാണ് ആദ്യമായി വിദേശത്തെത്തിയത്. സ്വർണക്കടത്തിന് ചില മതമൗലികവാദ സംഘടനകളുടെ സഹായമുണ്ടെന്നും അന്വേഷണ സംഘം സൂചന നൽകുന്നു

ഇന്ന് പുലര്‍ച്ചയോടെ സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണിയെന്ന് കരുതുന്ന റമീസിനെ പിടികൂടിയിരുന്നു.ഇയാള്‍ക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നും വിവരങ്ങള്‍ പുറത്തു വന്നിരുന്നു. റമീസ് മുമ്പ് മൂന്ന് സ്വര്‍ണക്കടത്ത് കേസുകളില്‍ അറസ്റ്റിലായിട്ടുണ്ട്. 2014ല്‍ തിരുവനന്തപുരം വിമാനത്താവളം വഴി രണ്ട് കിലോ സ്വര്‍ണം വീതം കടത്തിയതിന് രണ്ട് തവണ പിടിയിലായി. 2014ല്‍ വാളയാറില്‍ രണ്ട് മാനുകളെ വെടിവെച്ചു കൊന്ന കേസിലും റമീസ് പ്രതിയാണ്.ഈ കേസില്‍ ഒന്നാം പ്രതിയാണ് ഇയാള്‍. അഞ്ച് പ്രതികളുള്ള കേസിലെ മറ്റു നാലു പ്രപതികളെ പിടികൂടിയെങ്കിലും റമീസ് ഒളിവിലായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.