1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2017

സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് 5,000 മുതല്‍ 50,000 വരെ പ്രതിമാസ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയുമായി കേരള സര്‍ക്കാര്‍. പ്രവാസ ജീവിതം മതിയാക്കി മടങ്ങിയെത്തുന്ന മലയാളികളായ പ്രവാസികള്‍ക്ക് പ്രതിമാസം അയ്യായിരം രൂപ മുതല്‍ അന്‍പതിനായിരം രൂപ വരെ ഡിവിഡന്റ് ലഭിക്കുന്ന പെന്‍ഷന്‍ പദ്ധതിക്ക് പ്രവാസി ക്ഷേമ ബോര്‍ഡ് രൂപം നല്‍കി.

പ്രവാസികള്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായ തുകയാണ് പെന്‍ഷനായി നല്‍കുക. അഞ്ച് ലക്ഷം മുതല്‍ 50 ലക്ഷം രൂപവരെ പദ്ധതിയില്‍ നിക്ഷേപിക്കാം.മൂന്ന് വര്‍ഷത്തിനകം ആറ് ഘട്ടമായോ ഒറ്റത്തവണയായോ തുക നിക്ഷേപിക്കാം. നിക്ഷേപത്തുക പൂര്‍ണമായാല്‍ മൂന്നു വര്‍ഷത്തിനു ശേഷം മാസംതോറും ഡിവിഡന്റ് നല്‍കും. പദ്ധതിയിലൂടെ 60,000 കോടി രൂപവരെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

വികസന പദ്ധതികള്‍ക്കാണ് ഈ തുക ചെലവഴിക്കുക. പദ്ധതിയുടെ കരട് സര്‍ക്കാര്‍ അംഗീകാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. ബാങ്കില്‍ നിക്ഷേപിച്ചാല്‍ ലഭിക്കുന്നതിലും കൂടുതല്‍ ആനുകൂല്യം ലഭ്യമാക്കുമെന്നതാണ് പദ്ധതിയുടെ സവിശേഷത. നിക്ഷേപകന്‍ മരിച്ചാല്‍ നിയമപരമായ അവകാശികള്‍ക്ക് നിക്ഷേപത്തുക തിരിച്ചുനല്‍കും.

ജീവിതത്തിന്റെ നല്ലൊരുഭാഗം വിദേശത്ത് ജോലിചെയ്ത് തിരിച്ചെത്തുന്ന ഭൂരിഭാഗത്തിനും അവസാനകാലം ദാരിദ്യ്രവും രോഗവും മാത്രമാണ് സമ്പാദ്യമെന്ന തിരിച്ചറിവിലാണ് പ്രവാസികളുടെ സമ്പാദ്യം നിക്ഷേപമായി സ്വീകരിച്ചുള്ള പെന്‍ഷന്‍പദ്ധതിക്ക് രൂപംനല്‍കിയതെന്ന് പ്രവാസി ബോര്‍ഡ് ചെയര്‍മാന്‍ പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.

പ്രവാസി മലയാളികള്‍ വര്‍ഷം ഒന്നേകാല്‍ ലക്ഷം കോടി രൂപയോളം നാട്ടിലേക്ക് അയക്കുന്നുണ്ടെന്നാണ് കണക്ക്. ഈ തുകയുടെ ഒരംശംപോലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രവാസികള്‍ക്ക് സുസ്ഥിര ജീവിതം നയിക്കുന്നതിനായി വിനിയോഗിക്കുന്നില്ല. വിദേശത്തുനിന്ന് കിട്ടുന്ന പണം പലവഴിക്ക് ചെലവഴിച്ച് പ്രവാസ ജീവിതം അവസാനിക്കുമ്പോഴേക്കും ജീവിതംതന്നെ വഴിമുട്ടുന്ന അവസ്ഥയാണ് ഭൂരിപക്ഷം പ്രവാസികള്‍ക്കും.

ഇതിനിടയില്‍ പലവിധം കബളിപ്പിക്കപ്പെടലുകള്‍ക്ക് ഇരയാകുന്നവരും കുറവല്ല. ആഗോള സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ ഗള്‍ഫ് മേഖലയില്‍നിന്നുള്ള തിരിച്ചുവരവ് വര്‍ധിച്ചിട്ടുണ്ട്. ഇതും പ്രവാസി കുടുംബങ്ങളെ സാമ്പത്തിക അസ്ഥിരതയിലേക്ക് തള്ളിവിടുന്നു. ഈ സാഹചര്യമെല്ലാം കണക്കിലെടുത്താണ് നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ നിശ്ചിത തുക പ്രതിമാസം വരുമാനമായി ലഭിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.