1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2015

സ്വന്തം ലേഖകന്‍: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്. മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെങ്കില്‍ കുടുങ്ങും. അഭിനയിക്കാനും പുസ്തകം പ്രസിദ്ധീകരിക്കാനും വാര്‍ത്ത വായിക്കാനുമൊക്കെ സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് നിര്‍ദേശിക്കുന്ന ഉത്തരവില്‍ എന്നാല്‍ ആരാണ് അനുമതി നല്‍കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ മാസം 11ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഇതിനകം വിവാദമായിട്ടുണ്ട്.

സാഹിത്യസാംസ്‌കാരിക പ്രവര്‍ത്തനം നടത്തുമ്പോള്‍ സര്‍ക്കാറിനെതിരായ വിമര്‍ശനങ്ങള്‍ ഇല്ലാതാക്കാനുള്ള നടപടിയാണ് ഉത്തരവെന്നാണ് പ്രധാന ആരോപണം. കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാര്‍ക്ക് അനുമതി നല്‍കുന്നത് സര്‍ക്കാര്‍ ഓരോ അപേക്ഷയും പ്രത്യേകം പരിശോധിച്ച് തീരുമാനമെടുത്തശേഷം മാത്രമായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.

സ്വകാര്യ റേഡിയോകളിലും ടെലിവിഷന്‍ ചാനലുകളിലും വാര്‍ത്താധിഷ്ഠിതമോ അല്ലാതെയോ ഉള്ള പരിപാടികള്‍ അവതരിപ്പിക്കുന്നതിനും ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്ന കലാ, കായിക, വിനോദ, ഭാഗ്യാന്വേഷണ പരിപാടികളില്‍ പങ്കെടുക്കുന്നതിനും നിയന്ത്രണം ബാധകമാണ്. സിനിമ, സീരിയല്‍, പ്രഫഷനല്‍ നാടകങ്ങള്‍ എന്നിവയില്‍ അഭിനയിക്കുന്നതിനും സര്‍ക്കാര്‍ ജീവനക്കാര്‍ മുന്‍കൂര്‍ അനുമതി വാങ്ങണം.

സര്‍ക്കാര്‍ ജീവനക്കാരുടെ സാഹിത്യസൃഷ്ടികള്‍, ഗവേഷണ പ്രബന്ധങ്ങള്‍, ലേഖനസമാഹാരങ്ങള്‍, പഠനസഹായികള്‍ എന്നിവ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാനും മുന്‍കൂര്‍ അനുമതി ആവശ്യമാണ്. പുസ്തകത്തിന്റെ പ്രസാധകരും അവതാരിക എഴുതുന്നവരും ആരൊക്കെയാണെന്നും പുസ്തകത്തിന്റെ ഒരു പതിപ്പിന് നിശ്ചയിക്കുന്ന വില എത്രയാണെന്നും അനുമതി തേടുമ്പോള്‍ അറിയിച്ചിരിക്കണം. പുസ്തകത്തില്‍ ദേശതാല്‍പര്യ വിരുദ്ധവും സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നതുമായ പരാമര്‍ശങ്ങള്‍ ഇല്ലെന്നും ലാഭേച്ഛ കൂടാതെ ന്യായവില മാത്രമേ നിശ്ചയിച്ചിട്ടുള്ളൂവെന്നും ഗ്രന്ഥകാരന്‍ സര്‍ക്കാറിന് സത്യവാങ്മൂലം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

നിലവില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 48 പ്രകാരം ജീവനക്കാര്‍ക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ കലാ, സാഹിത്യ, ശാസ്ത്ര, ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാമായിരുന്നു. ഇത് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം വരാത്ത വിധവും ലാഭേച്ഛയില്ലാതെയുമായിരിക്കണം എന്നുമാത്രം. പുതിയ ഉത്തരവു പ്രകാരം സര്‍ക്കാര്‍അനുമതി കിട്ടാന്‍ ജീവനക്കാര്‍ ഏറെ പ്രയാസപ്പെടേണ്ടിവരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.