1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2017

 

സ്വന്തം ലേഖകന്‍: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, കമ്മട്ടിപ്പാടത്തിലെ ഗംഗയായി ജീവിച്ച വിനായകന്‍ മികച്ച നടനും ബാലേട്ടനായ മണീകണ്ഠന്‍ മികച്ച സ്വഭാവ നടനും, രജിഷ വിജയന്‍ മികച്ച നടി. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ പ്രകടനമാണ് രജിഷയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ ആണ് മികച്ച ചിത്രം. രാജ്യാന്തര ചലച്ചിത്ര മേളയിലും മാന്‍ഹോള്‍ പുരസ്‌കാരം നേടിയിരുന്നു. വിധുവിന് തന്നെയാണ് മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം.

സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഒഡീഷ സംവിധായകനും ഛായാഗ്രാഹകനുമായ എ.കെ ബിര്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്. സൂപ്പര്‍താരം മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള മികച്ച നടന്മാരോട് അവസാന റൗണ്ടില്‍ മത്സരിച്ചാണ് വിനായകന്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. ഒപ്പം, പുലിമുരുകന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് മോഹന്‍ലാലിനെ പുരസ്‌കാരത്തിന് പരിഗണിച്ചത്. മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് കാവ്യ, റിമ കല്ലിങ്കല്‍ എന്നിവരോട് മത്സരിച്ചാണ് രജിഷ ആദ്യ ചിത്രത്തിന് തന്നെ പുരസ്‌കാരം നേടിയത്.

കമ്മട്ടിപ്പാടത്തിന്റെ സംവിധായകന്‍ രാജീവ് രവിക്കും നിര്‍മ്മാതാവ് പ്രേം മേനോനും നന്ദി അറിയിച്ച വിനായകന്‍ എല്ലാം കൂടി ഒത്തുവരികയാണെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വളരെ സന്തോഷം. അവാര്‍ഡിനെ മുന്‍നിര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കമ്മട്ടിപ്പാടത്തെക്കുറിച്ച് ചര്‍ച്ചകളുണ്ടായിരുന്നു. ഈ വര്‍ഷം തുടക്കം മുതല്‍ ആ ചര്‍ച്ചകളുണ്ട്. കമ്മട്ടിപ്പാടം, ഗംഗ, വിനായകന്‍ എന്നൊക്കെ ചര്‍ച്ചകളില്‍ കേട്ടിരുന്നു. മരണം വരെ അഭിനയം തുടരുമെന്നും വിനായകന്‍ പറഞ്ഞു.

സംഗീത വിഭാഗത്തിലെ മൂന്ന് പുരസ്‌കാരങ്ങള്‍ വിനോദ് മങ്കരയുടെ കാംബോജി നേടി. കെ.എസ് ചിത്രയാണ് മികച്ച ഗായിക, ഗാനരചനയ്ക്കുള്ള പുരസ്‌കാരം ഒ.എന്‍.വിക്കും മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം എം. ജയചന്ദ്രനും ലഭിച്ചു. മികച്ച ഗായകന്‍ സൂരജ് സന്തോഷാണ് (ചിത്രം: ഗപ്പി). കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിന് നടന്‍ മണികണ്ഠന്‍ ആചാരിക്ക് സ്വഭാവ നടനുള്ള പുരസ്‌കാരം ലഭിച്ചു. ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രമായി മഹേഷിന്റെ പ്രതികാരം തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച കഥ സലീം കുമാര്‍ (കറുത്ത ജൂതന്‍), മികച്ച തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം), മികച്ച ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണന്‍ (കാട് പൂക്കുന്ന നേരം), മികച്ച കുട്ടികളുടെ ചിത്രം കോലുമിട്ടായി, മികച്ച ബാലതാരം ചേതന്‍ (ഗപ്പി, മികച്ച നവാഗത സംവിധായകന്‍ ഷാനവാസ് (കിസ്മത്ത്), പശ്ചാത്തല സംഗീതം വിഷ്ണു വിജയ് (ഗപ്പി), ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്‌കാരം എന്‍.പി സജീഷ് ( സിനിമ മുതല്‍ സിനിമ വരെ), മികച്ച ഡബ്ബിംഗ് എം തങ്കമണി (ഓലപ്പീപ്പി), വിജയ് മേനോന്‍, മികച്ച നൃത്ത സംവിധാനം നടന്‍ വിനീത് (കാംബോജി) എന്നിവയാണ് മറ്റ് അവാര്‍ഡുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.