1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2018

സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക് പുരോഗമിക്കുന്നു; പൊതുഗതാഗതം സ്തംഭിച്ചു; സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍. മോട്ടോര്‍ വാഹന ഭേദഗതി നിയമം പിന്‍വലിക്കണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യാമോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് 24 മണിക്കൂര്‍ വാഹനപണിമുടക്ക് നടത്തുന്നത്. തൊഴിലാളികളും ഉടമകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഓട്ടോ, ടാക്‌സി, ചരക്കു വാഹനങ്ങള്‍, സ്വകാര്യ ബസ് തുടങ്ങി പൊതുഗതാഗത ചരക്കുകടത്തു വാഹനങ്ങള്‍ ഒന്നാകെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. എംഡി ടോമിന്‍ ജെ തച്ചങ്കരിയുടെ പരിഷ്‌കരണ നടപടികളില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ സംയുക്ത തൊഴിലാളി സംഘടനകളുടെ പണിമുടക്കും പുരോഗമിക്കുകയാണ്.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട മോട്ടോര്‍ വാഹന നിയമ ഭേദഗതി നിയമം പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനവ് പുനപരിശോധിക്കുക, പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്ക് നടത്തുന്നത്. ബിഎംഎസ് ഒഴികെയുള്ള മറ്റ് തൊഴിലാളി സംഘടനകളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

മോട്ടോര്‍ വാഹന ഭേദഗതി ബില്ല് പാസായാല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ പൂര്‍ണമായും തകരുമെന്ന് സമരക്കാര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിനുള്ള അധികാരം നഷ്ടപ്പെടുകയും വരുമാനം ഗണ്യമായി കുറയുകയും ചെയ്യും. റോഡ് സുരക്ഷയുടെ പേരില്‍ തൊഴിലാളികളുടെ മേല്‍ കനത്ത ശിക്ഷാനടപടികള്‍ക്കും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. മേഖലയിലേക്ക് ഒരു തൊഴിലാളിയും കടന്നു വരാത്ത സ്ഥിതിയായിരിക്കും നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഉണ്ടാകാന്‍ പോകുന്നതെന്നും സമരസമിതി ചൂണ്ടിക്കാട്ടുന്നു.

എംഡി ടോമിന്‍ ജെ തച്ചങ്കരിയുടെ പരിഷ്‌കരണ നടപടികളില്‍ പ്രതിഷേധിച്ചാണ് കെഎസ്ആര്‍ടിസിയില്‍ തൊഴിലാളി സംഘടനകള്‍ പണിമുടക്ക് നടത്തുന്നത്. വാടകയ്ക്ക് ബസ് എടുത്ത് സര്‍വീസ് നടത്താനുള്ള തീരുമാനം, ഷെഡ്യൂള്‍ പരിഷ്‌കാരം, ഡ്യൂട്ടി പരിഷ്‌കരണം തുടങ്ങിയ നടപടികള്‍ പിന്‍വലിക്കണമെന്നാണ് ഇവരുടെ ആവശ്യം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.