1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2017

 

സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരനെ വിഷസൂചി കൊണ്ട് കൊന്ന സംഭവം, രണ്ടു ചാര സുന്ദരിമാര്‍ പിടിയില്‍. കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന്‍ കിം ജോങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ ചാര വനിതയെയും പോലീസ് അറസ്റ്റു ചെയ്തു. സംസ്ഥാന വാര്‍ത്താ ഏജന്‍സിയായ ബെര്‍ണാമയാണ് രണ്ടാമത്തെ ചാരവനിത അറസ്റ്റിലായ വിവരം പുറത്തുവിട്ടത്. മലേഷ്യന്‍ വിമാനത്താവളത്തില്‍വെച്ച് നാമിന്റെ ശരീരത്തില്‍ വിഷസൂചി കുത്തിയിറക്കിയ ഇന്തോനേഷ്യന്‍ വനിതയും അവരുടെ സുഹൃത്തെന്ന് കരുതുന്നയാളുമാണ് അറസ്റ്റിലായത്.

വിയറ്റ്‌നാം പാസ്‌പോര്‍ട്ടില്‍ യാത്രചെയ്ത മറ്റൊരു യുവതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ചയാണ് ക്വാലാലംപുര്‍ വിമാനത്താവളത്തില്‍വെച്ച് നാം കൊല്ലപ്പെട്ടത്. വിമാനത്താവളത്തിലെ സി.സി.ടി.വിയില്‍നിന്ന് ലഭിച്ച ചിത്രങ്ങളുമായി യുവതികള്‍ക്ക് സാമ്യമുണ്ട്.
കൊലപാതകത്തിന് ശേഷം രണ്ട് പേരും ഒരു ടാക്‌സിയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇവരെ ക്വാലാലം പൂര്‍ കോടതിയില്‍ ഹാജരാക്കും. അതേസമയം ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്ന് ഇന്‍സ്‌പെക്ടര്‍ അധികൃതര്‍ വ്യക്തമാക്കി.

കൊലപാതകത്തിനു പിന്നില്‍ കിം ജോങ് ഉന്‍ ആണെന്ന് വ്യാപക റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും തെളിവ് ലഭിച്ചിട്ടില്ല. കിം ജോംഗ് ഉന്നിനെ പരസ്യമായി എതിര്‍ത്തിരുന്നയാളാണ് നാം എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഉത്തര കൊറിയ അയച്ച ചാര വനിതകളാണ് നാമിനെ കൊലപ്പെടുത്തിയതെന്ന് ദക്ഷിണ കൊറിയ ആരോപിച്ചു. അതിനിടെ കിം ജോങ് നാമിന്റെ മൃതദേഹം വിട്ട് നല്‍കണമെന്ന ഉത്തര കൊറിയയുടെ ആവശ്യം മലേഷ്യന്‍ സര്‍ക്കാര്‍ തള്ളി. നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മലേഷ്യ പ്രതികരിച്ചു.

ഉത്തര കൊറിയയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും മലേഷ്യ പ്രതികരിച്ചു. അതിനിടെ ഉത്തര കൊറിയന്‍ സംഘം മലേഷ്യയില്‍ എത്തിയിട്ടുണ്ട്. കിം ജോങ് നാമിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയില്‍ തുടരുന്ന സംഘം തുടര്‍ നടപടികളുമായി സഹകരിക്കുമെന്ന് വ്യക്തമാക്കി. തിരക്കേറിയ ക്വാലാവംപൂര്‍ വിമാനത്താവളത്തില്‍ ആളുകള്‍ക്ക് ഇടയില്‍ കിം ജോങ് നാമിനെ ആക്രമിച്ചതെങ്ങനെ എന്ന നിഗൂഡത തുടരുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.