1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2017

 

സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന്‍ കിങ് ജോങ് നാമിനെ വിഷം പൂശി കൊന്നതെന്ന് സ്ഥിരീകരണം, നാമിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മോര്‍ച്ചറി തകര്‍ക്കാന്‍ ശ്രമമെന്ന് മലേഷ്യ. സുരക്ഷാ ഉദ്യോഗസ്ഥര്‍ തക്ക സമയത്ത് ഇടപെട്ടതിനാല്‍ ഉത്തര കൊറിയയുടെ ഈ നീക്കം തടയാന്‍ കഴിഞ്ഞതായി മലേഷ്യന്‍ പോലീസ് വ്യക്തമാക്കി. നാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എംബസി ഉത്തര കൊറിയന്‍ എംബസി ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനുള്ള നീക്കത്തെ ഉത്തര കൊറിയ എതിര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തര കൊറിയ മോര്‍ച്ചറി തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് മലേഷ്യ ആരോപണം ഉന്നയിച്ചത്.

നാമിന്റെ മരണവുമായി ബന്ധപ്പെട്ട് ഉത്തര കൊറിയന്‍ എംബസി ഉദ്യോഗസ്ഥനായ ഹ്യോന്‍ ക്വാങ് സോങ്ങിനെ സംശയിക്കുന്നതായി മലേഷ്യന്‍ പോലീസ് മേധാവി ഖാലിദ് അബൂബക്കര്‍ വെളിപ്പെടുത്തിയിരുന്നു. ഉത്തര കൊറിയയിലെ വിമാനക്കമ്പനിയായ എയര്‍ കൊറിയോയിലെ ഉദ്യോഗസ്ഥനായ കിം ഉക്, റി ജു ഉ എന്നിവരും സംശയിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്. സോങ് ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നതിന് അനുമതി തേടി ഉത്തര കൊറിയന്‍ സ്ഥാനപതിക്ക് കത്തയച്ചതായി മലേഷ്യന്‍ പോലീസ് വ്യക്തമാക്കിയിരുന്നു.

അതേസമയം, നാമിന്റെ മരണവുമായി ബന്ധപ്പെട്ട് എംബസി ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനുള്ള നീക്കത്തെ ഉത്തരകൊറിയന്‍ ഭരണകൂടം രൂക്ഷമായി വിമര്‍ശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മലേഷ്യന്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ള ഉത്തരകൊറിയക്കാരെ എത്രയും വേഗം വിട്ടയയ്ക്കണമെന്നും അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണ് ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ വച്ച് കിം ജോങ് നാമിനെതിരെ ആക്രമണമുണ്ടായത്. വിഷപ്രയോഗത്തെ തുടര്‍ന്ന് അവശനിലയിലായ നാം ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്. നാമിനെ വിഷം പ്രയോഗിച്ച് കൊല്ലുകയായിരുന്നെന്ന് മലേഷ്യന്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

നാമിന്റെ മൃതദേഹം വിട്ടുകൊടുക്കണമെന്ന് ഉത്തരകൊറിയ ആവശ്യപ്പെട്ടെങ്കിലും മലേഷ്യ വഴങ്ങാത്തത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിയുന്നതുവരെ മൃതദേഹം വിട്ടുകൊടുക്കില്ലെന്നാണു മലേഷ്യയുടെ നിലപാട്. പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാനുള്ള ഉത്തരകൊറിയയുടെ സമ്മര്‍ദവും വിജയിച്ചില്ല. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരനായ നാമിന്റെ മരണത്തില്‍ ഉത്തരകൊറിയക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.