1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2018

സ്വന്തം ലേഖകന്‍: ശീതകാല ഒളിമ്പിക്‌സിനായി ഉത്തര കൊറിയന്‍ സംഘത്തെ നയിച്ച് കിം ജോംഗ് ഉന്നിന്റെ സഹോദരി ദക്ഷിണ കൊറിയയിലേക്ക്. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗ് വിന്റര്‍ ഒളിന്പിക്‌സില്‍ പങ്കെടുക്കുന്നതിന് വെള്ളിയാഴ്ച ദക്ഷിണ കൊറിയയിലെത്തും. ഉത്തര കൊറിയന്‍ രാഷ്ട്രത്തലവന്റെ പദവിയുള്ള കിം യോംഗ് നാം നയിക്കുന്ന 22 അംഗ ഡെലിഗേഷനില്‍ കിം യോ ജോംഗുമുണ്ടെന്ന് സിയൂളിലെ കൊറിയന്‍ ഏകീകരണ മന്ത്രാലയം സ്ഥിരീകരിച്ചു.

ആദ്യമായാണ് ഉത്തര കൊറിയയില്‍ ഭരണം കൈയാളുന്ന കുടുംബത്തിലെ അംഗം ദക്ഷിണ കൊറിയയില്‍ സന്ദര്‍ശനം നടത്തുന്നത്. യോ ജോംഗ് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ജേ ഇന്നുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. കൊറിയകള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് കിം ജോംഗ് ഉന്നിന്റെ കത്ത് അവര്‍ മൂണ്‍ജേ ഇന്നിനു കൈമാറും.
ഉത്തരകൊറിയന്‍ ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗമായ യോ ജോംഗിനു ഭരണത്തില്‍ നല്ല സ്വാധീനമുണ്ട്.

ഇതേസമയം കിം യോ ജോംഗ് ദക്ഷിണകൊറിയയില്‍ എത്തുന്നത് മൂണ്‍ജേ ഇന്‍ ഭരണകൂടത്തെ വെട്ടിലാക്കിയിരിക്കുകയാണെന്നു കൊറിയ ഹെറാള്‍ഡ് റിപ്പോര്‍ട്ടു ചെയ്തു. വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പ്രചാരണവിഭാഗം മേധാവിയായ യോ ജോംഗ് അമേരിക്കയുടെ ഉപരോധപ്പട്ടികയിലുണ്ടെന്നതാണു കാരണം. ദക്ഷിണ കൊറിയയിലെ പിയോങ്ചാങ്ങില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന വിന്റര്‍ ഒളിന്പിക്‌സ് 25നു സമാപിക്കും. ഉദ്ഘാടനച്ചടങ്ങില്‍ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.