1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 1, 2016

സ്വന്തം ലേഖകന്‍: പുതുവത്സര ദിനത്തില്‍ കോഴിക്കോട് വീണ്ടും ചുംബന സമരം, സവര്‍ണ ഫാസിസത്തിനെതിരെ ചുംബനത്തെരുവെന്ന് സംഘാടകര്‍. ആദ്യ തവണത്തെ ചുംബന സമരക്കാരുമായി യാതൊരു ബന്ധവുമില്ലെന്നു പ്രഖ്യാപിച്ചാണു ഞാറ്റുവേല സാംസ്‌കാരിക പ്രവര്‍ത്തകസംഘം പുതുവത്സര ദിനത്തില്‍ വേറിട്ട പ്രതിഷേധത്തിനൊരുങ്ങുന്നത്. സവര്‍ണഫാസിസത്തിനെതിരെ ചുംബനത്തെരുവ് എന്ന പ്രഖ്യാപനവുമായി നാളെ രാവിലെ ഒമ്പതു മുതല്‍ പബ്ലിക് ലൈബ്രറി പരിസരത്താണു സമരം.

കൊച്ചിയില്‍ കഴിഞ്ഞ വര്‍ഷം കെട്ടുതാലി പൊട്ടിക്കല്‍ സമരത്തിനു നേതൃത്വം നല്‍കിയവരാണു ഞാറ്റുവേല പ്രവര്‍ത്തകര്‍. ബ്രാഹ്മണ്യത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരേ കലാവിഷ്‌കാരങ്ങളും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി ഞാറ്റുവേല നടത്തുന്ന തെരുവരങ്ങുകളുടെ ഭാഗമായാണു നാളത്തെ പരിപാടിയെന്നു സെക്രട്ടറി സ്വപ്‌നേഷ് ബാബു പത്രസമ്മേളനത്തില്‍ പറഞ്ഞു.

രാവിലെ ഒമ്പതിനു ഞാറ്റുവേല പ്രവര്‍ത്തകര്‍ ചിത്രം വരച്ചും കൊളാഷ് ചെയ്തും പ്രതിരോധമതില്‍ തീര്‍ക്കും. തുടര്‍ന്ന് ഫാസിസത്തിനും സവര്‍ണ/പുരുഷ മേധാവിത്വത്തിനുമെതിരേ സന്ദേശമുള്‍ക്കൊള്ളുന്ന നാടകവും പാട്ടും നൃത്തവും നടക്കും. പിന്നീടു പങ്കാളിത്ത പ്രഖ്യാപനവും കെട്ടുതാലി പൊട്ടിക്കലും. ഇതിനെല്ലാമിടയില്‍ ചുംബനവുമുണ്ടാകുമെന്നാണു ഭാരവാഹികളുടെ വിശദീകരണം.

കൊച്ചിയില്‍ പ്രതീകാത്മകമായി നടത്തിയ കെട്ടുതാലി ചുട്ടരിക്കല്‍ സമരത്തിന്റെ തുടര്‍ച്ചയായി കെട്ടുതാലി അറുത്തെറിഞ്ഞാണു നാളത്തെ സമരം. പരിപാടി സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചതുമുതല്‍ വ്യാപക എതിര്‍പ്പുകളുയരുന്നുണ്ട്. പരിപാടിക്കുനേരേ ബോംബെറിയുമെന്നു ഹിന്ദുത്വശക്തികളും ഹനുമാന്‍സേനക്കാരും ഭീഷണിപ്പെടുത്തിയതായി സ്വപ്‌നേഷ് ബാബു ആരോപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.