1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2019

സ്വന്തം ലേഖകന്‍: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ.എം മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നു വൈകീട്ട് 4.57നായിരുന്നു അന്ത്യം. നിലവില്‍ പാലാ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ്. രാവിലെ നില ഭേദപ്പെട്ടെങ്കിലും വൈകീട്ട് മൂന്നുമണിയോടെ നില അതീവഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും പാടെ കുറഞ്ഞു.

മുമ്പ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ശേഷം ഡിസ്ചാര്‍ജ് ചെയ്തിരുന്നെങ്കിലും ഗുരുതര ശ്വാസതടസ്സത്തെത്തുടര്‍ന്നു കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വര്‍ഷങ്ങളായി ശ്വാസകോശ രോഗബാധിതനായിരുന്നു. മരണസമയത്ത് ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ. മാണിയും പേരക്കുട്ടികളും അടക്കമുള്ളവര്‍ മാണിക്കൊപ്പമുണ്ടായിരുന്നു.

കേരളത്തിലെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളായ കെ.എം. മാണി ഓര്‍മ്മയായി. ഐക്യകേരള രൂപീകരണത്തിന് ശേഷം കേരളത്തില്‍ നടന്നിട്ടുള്ള എല്ലാ രാഷ്ട്രീയ സംഭവവികാസങ്ങളിലും പ്രധാന കഥാപാത്രമായിരുന്നു കരിങ്ങോഴക്കല്‍ മാണി മാണി എന്ന കെ.എം.മാണി.

12 തവണ കേരളത്തിന്റെ ധനമന്ത്രിയാവുകയും ഏറ്റവും കൂടുതല്‍ തവണ (13 തവണ) ബജറ്റ് അവതരിപ്പിക്കുകയും ചെയ്ത റെക്കോഡിന് ഉടമയാണ് അദ്ദേഹം. പത്ത് മന്ത്രിസഭകളില്‍ അംഗമായിരുന്ന മാണിക്ക് തന്നെയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നതിന്റെ റെക്കോര്‍ഡും. 54 വര്‍ഷമാണ് കെ.എം മാണി എം.എല്‍.എയായി പ്രവര്‍ത്തിച്ചത്.

കെ.എം മാണിയുടെ നിര്യാണം ഈ ഘട്ടത്തില്‍ അതീവ ദുഃഖത്തോടെ മാത്രമേ കേരളീയ സമൂഹത്തിനു സ്വീകരിക്കാനാകൂവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്യാണം സൃഷ്ടിച്ച വിടവ് കേരള രാഷ്ട്രീയത്തിനു നികത്താനാകാത്തതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ആശുപത്രിയില്‍വെച്ച് അദ്ദേഹത്തെ കണ്ടപ്പോഴും അദ്ദേഹത്തിന്റെ അവസ്ഥ പ്രതീക്ഷയില്ലാത്ത നിലയിലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ.എം മാണിക്ക് അനുശോചനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്നു അദ്ദേഹമെന്നു മോദി ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ കുറ്റമറ്റ തെരഞ്ഞെടുപ്പ് റെക്കോഡ് സംസ്ഥാനത്തെ ജനങ്ങളുമായുള്ള ആഴത്തിലുള്ള ബന്ധത്തെയാണു സൂചിപ്പിക്കുന്നത്. സംസ്ഥാനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഓര്‍മിക്കപ്പെടുമെന്നും മോദി പറഞ്ഞു.

കെ.എം മാണിയുടെ സംസ്‌കാരച്ചടങ്ങുകള്‍ വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം നടക്കും. പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ വെച്ചാണിതെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. ഭൗതികശരീരം ഇന്ന് എംബാം ചെയ്ത് ലേക് ഷോറില്‍ സൂക്ഷിക്കും. നാളെ രാവിലെ പത്തുമണിയോടെ വിലാപയാത്രയായി പുറപ്പെട്ടു കോട്ടയത്തെത്തും.
കേരളാ കോണ്‍ഗ്രസ് ഓഫീസ്, തിരുനക്കര മൈതാനം എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.