1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2016

സ്വന്തം ലേഖകന്‍: കൊച്ചിയുടെ സ്വന്തം മെട്രോക്ക് പച്ചക്കൊടി, പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ആലുവ മുട്ടം യാര്‍ഡിലെ പ്രത്യേക വേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ആദ്യ വണ്ടിക്ക് പച്ചക്കൊടി വീശിയത്. മുട്ടം യാര്‍ഡിലെ വൈദ്യുതീകരിച്ച 900 മീറ്റര്‍ പാളത്തില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയിലായിരുന്നു പരീക്ഷണ ഓട്ടം.

തിരുവനന്തപുരം സ്വദേശി രാകേഷ് രാധാകൃഷ്ണനും തൃശൂര്‍ സ്വദേശി സിജോ ജോണുമായിരുന്നു മെട്രോയുടെ പരീക്ഷണ ഓട്ടത്തിന് സാരഥ്യം വഹിച്ചത്. സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഈ വര്‍ഷം അവസാനത്തോടെ മെട്രോയുടെ ആദ്യഘട്ട സര്‍വീസ് ആരംഭിക്കാനാണ് കെ.എം.ആര്‍.എല്‍ ശ്രമിക്കുന്നത്.

ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ തോമസ് ഉണ്ണിയാടന്‍, മന്ത്രിമാരായ കെ. ബാബു, വി.കെ ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, പ്രഫ. കെ.വി തോമസ് എം.പി, എം.എല്‍.എമാരായ ബെന്നി െബഹനാന്‍, എസ്. ശര്‍മ, ഡൊമിനിക് പ്രസന്റേഷന്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, ലൂഡി ലൂയിസ്, ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, ഡി.എം.ആര്‍.സി എം.ഡി മഞ്ജു സിങ്, ആള്‍സ്റ്റോം ട്രാന്‍സ്‌പോര്‍ട്ട് പ്രസിഡന്റ് ഹെന്റി, കെ.എം.ആര്‍എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

അതേസമയം, ഉദ്ഘാടന പരിപാടിയില്‍ ജില്ലാ കലക്ടര്‍ രാജമാണിക്യം പങ്കെടുത്തില്ല. പരിപാടിയിലേക്കുള്ള ക്ഷണപത്രത്തില്‍ കലക്ടറുടെ പേര് ഉണ്ടായിരുന്നില്ല. എന്നാല്‍, വേദിയില്‍ കലക്ടര്‍ക്ക് ഇരിക്കാന്‍ സംഘാടകര്‍ കസേര തയാറാക്കിയിരുന്നു. മുട്ടം യാര്‍ഡിലെ തിരക്ക് കണക്കിലെടുത്ത് ജനപ്രതിനിധികളും ക്ഷണിക്കപ്പെട്ട വ്യക്തികളും ഒഴികെ പൊതുജനങ്ങള്‍ക്ക് ഉദ്ഘാടന പരിപാടിയിലേക്ക് പ്രവേശമുണ്ടായിരുന്നില്ല. എന്നാല്‍, ബാരിക്കേഡുകള്‍ മറികടന്ന് ജനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.