1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2019

സ്വന്തം ലേഖകൻ: നഗരത്തിലെ വെള്ളക്കെട്ടിൽ കൊച്ചി കോർപറേഷനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. നിഷ്‌ക്രിയമായ കൊച്ചി നഗരസഭ പിരിച്ചുവിടാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു. കൊച്ചി നഗരവാസികളുടെ രോദനം നാൾക്കുനാൾ കൂടിവരികയാണെന്നും ഒരു മഴപെയ്‌ത്‌ തോർന്നിട്ടും ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും വെള്ളക്കെട്ടിലാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു.

പ്രളയത്തെക്കാൾ ഭയാനകമായ സ്ഥിതിവിശേഷമാണ് നഗരത്തിൽ ഇന്നലെ ഉണ്ടായതെന്നും പാവപ്പെട്ട ജനങ്ങളുടെ കാര്യം നോക്കാൻ ആരുമില്ലെന്നും കോടതി പറഞ്ഞു. ഇത്തരം നിഷ്‌ക്രിയത്വത്തിനെതിരെ ജനങ്ങളുടെ ഭാഗത്തു നിന്നും എന്തുകൊണ്ട് പ്രതികരണം ഉണ്ടാവുന്നില്ലെന്നും കോടതി ചോദിച്ചു. എല്ലാം കോടതി ഇടപെടലിലൂടെ മാത്രമേ ശരിയാകൂവെന്നു കരുതരുതെന്നും കോർപറേഷന്റെ ഭാഗത്തു നിന്നും അനാസ്ഥ ഉണ്ടായാൽ സർക്കാർ ഉടൻ ഇടപെടണമെന്നും കോടതി പറഞ്ഞു.

മുനിസിപ്പാലിറ്റി നിയമത്തിലെ അധികാരം ഉപയോഗിച്ച് നഗരസഭ പിരിച്ചുവിടണമെന്നും കോടതി വ്യക്തമാക്കി. കൊച്ചി നഗരത്തെ സിംഗപ്പൂർ ആക്കി മാറ്റിയില്ലെങ്കിലും നല്ല രീതിയിൽ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും കോടതി വ്യക്തമാക്കി. പേരണ്ടൂർ കനാൽ കേസിലെ അമിക്കസ് ക്യൂറി അഡ്വ.സുനിൽ ജോസാണ് കനത്ത മഴയെ തുടർന്നു നഗരത്തിലുണ്ടായ സ്ഥിതിവിശേഷം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

കനത്ത മഴയിൽ എറണാകുളം നഗരത്തിലെ പല ഭാഗങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടിരുന്നു. നഗരത്തിലെ പ്രധാന ഭാഗങ്ങളായ എംജി റോഡ്, സൗത്ത്, കലൂർ, കടവന്ത്ര ഭാഗങ്ങളെല്ലാം വെള്ളക്കെട്ടിലായി. എംജി റോഡിൽ വെളളം കയറിയത് ഗതാഗത സ്തംഭനമുണ്ടാക്കി. കനത്ത മഴയിൽ എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകൾ വെളളത്തിൽ മുങ്ങുകയും റെയിൽവേ ട്രാക്കുകൾ വെളളത്തിനടിയിലാവുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.