1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2020

സ്വന്തം ലേഖകൻ: വൈദ്യതി മുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ പരാതി എത്ര ദിനസത്തിനകം പരിഹരിക്കണമെന്ന കാര്യത്തിൽ സംസ്ഥാനത്ത് പുതിയ ചട്ടം വരുന്നു. വൈദ്യുതി മുടങ്ങിയാൽ നഗരങ്ങളിൽ ആറ് മണിക്കൂറിനുള്ളിലും ഗ്രാമങ്ങളിൽ എട്ട് മണിക്കൂറിനുള്ളിലും പുനഃസ്ഥാപിക്കണം. എത്തിച്ചെരാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ പത്ത് മണിക്കൂറിനുള്ളിൽ വൈദ്യുതി പ്രതിസന്ധി പരിഹരിക്കണം. ലൈൻ പൊട്ടിയാൽ നഗരങ്ങളിൽ എട്ടും ഗ്രാമങ്ങളിൽ പന്ത്രണ്ടും മണിക്കൂറുകൾക്കുള്ളിൽ പരിഹരിക്കണം. വിദൂര മേഖലകളിൽ 16 മണിക്കൂറ് വരെയാണ് സമയം.

അതേസമയം വൈദ്യുതി തകരാർ സംബന്ധിച്ച് വീഴ്ച്ച വരുത്തുന്ന ഓരോ പരാതിക്കും 25 രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് വൈദ്യുതി ബോർഡിന്റെ മാന്വലിൽ പറയുന്നു. തകരാർ സംഭവിക്കുന്ന ഭൂഗർഭ കേബിളുകളിലാണെങ്കിൽ 24 മണിക്കൂറും ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും 48 മണിക്കൂറും എടുക്കും. എന്നാൽ വൈകുന്നേരം മുതൽ പിറ്റേന്ന് രാവിലെ വരുന്ന വരുന്ന പരാതികൾ ഒഴിവാക്കാനുള്ള വ്യവസ്ഥ വൈദ്യുതി ബോർഡിന്റെ മാന്വലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മീറ്റർ സംബന്ധിച്ച പരാതികൾ അഞ്ച് ദിവസത്തിനകം പരിഹരിക്കാനാണ് മാന്വലിൽ‌ പറയുന്നത്. പരിഹരിച്ചില്ലെങ്കിൽ എൽടി ഉപഭോക്താക്കൾക്ക് ദിവസം 25 രൂപയും എച്ച്ടി ഉപഭോക്താക്കൾക്ക് ദിവസം 50 രൂപയും ലഭിക്കും. മീറ്റർ കേടാവുകയാണെങ്കിൽ ഏഴ് ദിവസത്തിനകം മീറ്റർ മാറ്റി സ്ഥാപിക്കും.

ട്രാൻസ്ഫർ കേടായാൽ നഗരത്തിൽ 24 മണിക്കൂറിനുള്ളിലും ഗ്രാമത്തിൽ 36 മണിക്കൂറിനുള്ളിലും നന്നാക്കണമെന്നാണ് വൈദ്യുതി ബോർഡിന്റെ മാന്വലിൽ വ്യക്തമാക്കുന്നത്. നന്നാക്കുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി മുടങ്ങുന്നത് 24 മണിക്കൂർ മുമ്പ് തന്നെ ഉപഭോക്താക്കളെ അറിയിക്കും. അതേസമയം ഇതുമായി ബന്ധപ്പെട്ട് വൈദ്യുതി മുടങ്ങുന്നത് പത്ത് മണിക്കൂറിൽ കൂടരുതെന്നും മാന്വലിൽ വ്യക്തമാക്കുന്നു.

ഉപഭോക്താക്കൾ നൽകുന്ന പരാതി എപ്പോൾ പരിഹരിക്കുമെന്ന് രണ്ട് മണിക്കൂറിനുള്ളിൽ ഉപഭോക്താവിനെ അറിയിക്കേണ്ടതുണ്ട്. കരട് മാന്വൽ സംബന്ധിച്ച ആദ്യ ഹിയറിങ് 29ന് തലസ്ഥാനത്ത് നടത്തും. ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനായി നിരവധി പരിപാടികൾ ഇപ്പോൾ കെഎസ്ഇബി നടത്തുന്നുണ്ട്. രാതി രഹിത വൈദ്യുതി സേവനം ഉറപ്പാക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ ജില്ല തോറും ജനകീയ അദാലത്തുമായി കെഎസ്ഇബി ചെയർമാൻ, റവന്യൂ, വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരടക്കം പങ്കെടുക്കുന്ന അദാലത്തുകൾ ജനുവരിയിൽ നടന്നിരുന്നു.

പരാതികൾ നിശ്ചിത സമയത്തിനകം പരിഹരിച്ചില്ലെങ്കിൽ സെക്‌ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനിയർക്കാണ് പരാതി നൽകേണ്ടത്. ആ ഉദ്യോഗസ്ഥൻ പരിശോധിക്കുമ്പോൾ പരാതി തെറ്റാണെന്ന് തോന്നിയാൽ പരാതിക്കാരനിൽനിന്നു തെളിവെടുക്കാം. നഷ്ടപരിഹാരം അനുവദിച്ചാൽ അടുത്ത ബില്ലിൽ തട്ടിക്കിഴിക്കും. അതേസമയം പ്രകൃതിദുരന്തങ്ങൾപോലെ തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ കറന്റ് പോയാൽ ബോർഡ് കാലണ തരില്ല. ജീവനക്കാരുടെ സമരവും ഇത്തരം കാരണമായാണ് ബോർഡ് നിർവചിച്ചിരിക്കുന്നത്. നിലയങ്ങളോ വൈദ്യുതി സംവിധാനങ്ങളോ മൊത്തത്തിൽ തകരാറായാൽ അതും പരിഗണിക്കില്ലെന്നാണ് മാന്വലിൽ വ്യക്തമാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.