1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2015

സ്വന്തം ലേഖകന്‍: ഇന്ത്യ സഴ്‌സുമാരില്‍ നിന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ നിര്‍ബന്ധമായി കൈക്കൂലി വാങ്ങിയെന്ന് ആരോപണം. സംഭവത്തെ കുറിച്ച് ഗൗരവമായ അന്വേഷണം നടത്തണമെന്ന് കുവൈറ്റ് നഴ്‌സിങ് അസോസിയേഷന്‍ അധികാരികളോട് ആവശ്യപ്പെട്ടു.

ജാബിര്‍ ആശുപത്രിയിലേക്ക് നിയമനം ശരിയാക്കി കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ നഴ്‌സുമാരില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കുവൈറ്റിലെ പ്രമുഖ ന്യൂറോ സര്‍ജനായ ഹിഷാം അല്‍ ഖയാത്ത് ട്വിറ്ററിലൂടെയാണ് ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ട്വിറ്റര്‍ പോസ്റ്റ് മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും വിവാദമാകുകയും ചെയ്യുകയായിരുന്നു.

അഴിമതി ഇല്ലാതാക്കാന്‍ പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നും നഴ്‌സിങ് അസോസിയേഷന്റെ ആവശ്യം. ആരോപണം ഗുരുതരമാണെന്നും ശരിയായ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരാന്‍ അണ്ടര്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കണം കുവൈത്ത് നഴ്‌സിംഗ് അസോസിയേഷന്‍ ചെയര്‍മാന്‍ ബന്തര്‍ അല്‍ അനേസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു .

നഴ്‌സിംഗ് റിക്രൂട്‌മെന്റിന്റെ മറവില്‍ നടക്കുന്ന വന്‍ അഴിമതിയെ കുറിച്ച് അസോസിയേഷന് നേരത്തെ തന്നെ സൂചനകള്‍ ലഭിച്ചിരുന്നു. പ്രമുഖ പാര്‍ലമെന്റ് അംഗത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള ഒരു കമ്പനിയെ കുറിച്ച് നേരത്തെ പരാതികള്‍ ലഭിച്ചിരുന്നതായും അനേസി വെളിപ്പെടുത്തി.

കൈക്കൂലി ആരോപണത്തെ കുറിച്ച് മന്ത്രാലയം അന്വേഷണം നടത്തുമെന്നും തെളിവുകള്‍ കൈവശമുള്ളവര്‍ അവ എത്രയും പെട്ടെന്ന് മന്ത്രാലയത്തിന് കൈമാറണമെന്നും ആരോഗ്യ മന്ത്രാലയം മെഡിക്കല്‍ സപ്പോര്‍ട്ട് സര്‍വീസ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ ജമാല്‍ അല്‍ ഹര്‍ബി മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.