1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2020

സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കുവൈത്തിൽ ഭാഗികമായി കർഫ്യൂ ഏർപ്പെടുത്തി. വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച് പുലർച്ചെ നാല് മണിക്ക് അവസാനിക്കുന്ന രീതിയിൽ പതിനൊന്ന് മണിക്കൂർ കർഫ്യൂവിനാണ് ആണ് ഇന്നലെ വൈകി ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകിയത്.

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാർ കൊണ്ട് വന്ന നിർദ്ദേശങ്ങൾ ലംഘിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങിയതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി അനസ് അല്‍ സലെ അറിയിച്ചു. കർഫ്യൂ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നു അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്ന് വർഷം വരെ തടവും പതിനായിരം ദിനാർ പിഴയും ആണ് കർഫ്യൂ നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷ.

സർക്കാര്‍ നിർദേശങ്ങൾ മാനിക്കാതെ ജനങ്ങൾ ആവശ്യമില്ലാതെ പുറത്തിറങ്ങിയും കൂട്ടം കൂടിയും നടന്നാൽ നിരോധനാജ്ഞ പ്രഖ്യാപിക്കാനും മടിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അനസ്​ അൽ സാലിഹ്​ നേരത്തെ തന്നെ താക്കീത് നല്‍കിയിരുന്നു. എന്നാൽ ഇത് അവഗണിച്ചും നിയമലംഘനം തുടരുന്ന സാഹചര്യത്തിലാണ് കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്.

“വീടിനുള്ളിൽ തന്നെ തുടരണമെന്ന ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം ജനങ്ങൾ അനുസരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ കര്‍ഫ്യു ഏർപ്പെടുത്താൻ സർക്കാർ നിർബന്ധിതരാവുകയാണ്,” എന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ വാക്കുകൾ. അതുപോലെ തന്നെ നേരത്തെ മാർച്ച് 26 വരെ പ്രഖ്യാപിച്ചിരുന്ന പൊതു അവധി രണ്ടാഴ്ച കൂടി നീട്ടിയതായും സർക്കാർ അധികൃതർ അറിയിച്ചിട്ടുണ്ട്.

4.7 മില്യൻ വരുന്ന കുവൈറ്റ് ജനതയുടെ (3.3 മില്യൻ പ്രവാസികൾ 1. 4 മില്യൻ സ്വദേശികൾ ) കൊറോണ പ്രതിരോധത്തിനായി 500 മില്യൻ കുവൈറ്റ് ദിനാറാണ് അംഗീകരിച്ചിരിക്കുന്നത്. ഗവർമെൻ്റ ജീവനക്കാർക്കുള്ള ഈ മാസത്തെ ശമ്പളം ഇന്നലെ ബാങ്കുകളിൽ നിക്ഷേപിച്ചു. സ്വകാര്യ മേഖലക്കും സാമ്പത്തിക സഹായം ഉറപ്പു നൽകുന്നു ഗവർമെൻ്റ. കൊറോണ ബാധിതർക്ക് സ്വദേശി – വിദേശി വ്യത്യാസമില്ലാതെ മികച്ച ചികിത്സയും ഭക്ഷണവും പരിചരണവുമാണ് നൽകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.