1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2019

സ്വന്തം ലേഖകന്‍: സ്വദേശി താമസ മേഖലയില്‍ വിദേശി ബാച്‌ലര്‍മാരുടെ താമസം ഒഴിവാക്കുന്നതിന് മുനിസിപ്പാലിറ്റി സമഗ്ര ക്യാംപെയ്ന്‍ സംഘടിപ്പിക്കും. 6 ഗവര്‍ണറേറ്റുകളിലെയും മുനിസിപ്പാലിറ്റി ബ്രാഞ്ചുകളുടെ നേതൃത്വത്തിലുള്ള ക്യാംപെയ്ന്‍ ജൂലൈ ഒന്നിന് ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി പബ്ലിക് റിലേഷന്‍സ് വിഭാഗം അറിയിച്ചു.

സ്വദേശി പാര്‍പ്പിട മേഖലകളില്‍ വിദേശി ബാച്‌ലര്‍മാര്‍ താമസിക്കരുതെന്നാണ് നിയമം. അത്തരം മേഖലകളില്‍ ഇവര്‍ക്ക് താമസ സൗകര്യം നല്‍കുന്നതും നിയമവിരുദ്ധമാണ്. നിയമം കര്‍ശനമായി നടപ്പാക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കം പ്രചരിപ്പിക്കുകയാണ് ക്യാംപെയ്‌ന്റെ ലക്ഷ്യം. മുനിസിപ്പാലിറ്റിയിലെ സൂപ്പര്‍വൈസറി തസ്തികകളിലുള്ള ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാകും ഈ നടപടി.

ബാച്‌ലര്‍മാര്‍ താമസിക്കുന്ന പാര്‍പ്പിടങ്ങള്‍ കണ്ടെത്തിയാല്‍ അവരെ ഒഴിപ്പിക്കുന്നതിന് നടപടികളുണ്ടാകും. ഇതിന് പരിശോധനാ സംഘത്തെ ചുമതലപ്പെടുത്തും. നിയമം പാലിക്കണമെന്ന് കെട്ടിടം ഉടമകളെയും ബോധ്യപ്പെടുത്തും.

സ്വദേശി പാര്‍പ്പിട മേഖലകളില്‍നിന്ന് വിദേശി ബാച്‌ലര്‍മാരെ ഒഴിപ്പിക്കുന്നതിന് പല കാരണങ്ങളാണ് അധികൃതര്‍ നിരത്തുന്നത്. സാമൂഹികമായ കാരണങ്ങളാണ് പ്രധാനം. ഓരോ മേഖലയിലെയും വൈദ്യുതി, വെള്ളം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളില്‍ അസന്തുലനമുണ്ടാകുന്നെന്നാണ് മറ്റൊരു കാരണം. സ്വദേശി പാര്‍പ്പിട മേഖലകളില്‍ ഉള്‍ക്കൊള്ളാവുന്ന വീടുകളും വീട്ടുകാരെയും കണക്കാക്കിയുള്ള പരമാവധി സൗകര്യമാണ് ഒരുക്കുന്നത്. അവിടെ താമസക്കാരുടെ ബാഹുല്യം അടിസ്ഥാന സൗകര്യങ്ങളില്‍ താളപ്പിഴവ് ഉണ്ടാക്കുമെന്നും അധികൃതര്‍ പറയുന്നു.

സ്വദേശി പാര്‍പ്പിട മേഖലയിലെ വിദേശി ബാച്‌ലര്‍മാരുടെ താമസം സംബന്ധിച്ച പരാതികള്‍ 139 എന്ന ഹോട്‌ലൈന്‍ നമ്പര്‍ വഴിയോ മുനിസിപ്പാലിറ്റി വെബ്‌സൈറ്റ് (www.baladiya.gov.kw) വഴിയോ അറിയിക്കാം.

ചെലവ് കുറഞ്ഞ സൗകര്യം എന്ന നിലയിലാണ് സ്വദേശി പാര്‍പ്പിട മേഖലകളില്‍ വിദേശി ബാച്‌ലര്‍മാര്‍ താമസ സൗകര്യം തേടിയിരുന്നത്. സ്വദേശി വീടുകളുടെ ഔട്ട് ഹൗസുകളും മറ്റുമാണ് വാടകയ്ക്ക് ലഭിക്കുന്നത്. പല സ്വദേശി കുടുംബങ്ങള്‍ക്കുള്ള വരുമാന മാര്‍ഗം കൂടിയായിരുന്നു ഇത്. വിദേശികള്‍ക്കും സ്വദേശികള്‍ക്കും പ്രയാസകരമാകുന്നതാണ് വിദേശി ബാച്‌ലര്‍മാരെ കുടിയൊഴിപ്പിക്കല്‍ നീക്കം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല