1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2018

സ്വന്തം ലേഖകന്‍: കുവൈറ്റില്‍ അനധികൃത താമസക്കാര്‍ക്കായി മിന്നല്‍ പരിശോധന; മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പിടിയില്‍. നിയമലംഘകരെ കണ്ടെത്താനായി കുവൈറ്റില്‍ തുടരുന്ന മിന്നല്‍ പരിശോധനയില്‍ അംഖാറയില്‍ നിന്നും 1024 പേര്‍ പിടിയിലായി. റെയ്ഡില്‍ 43 പിടികിട്ടാ പുള്ളികളും സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോടിയ മലയാളികളടക്കം നിരവധി പേരും അറസ്റ്റിലായതായി റിപ്പോര്‍ട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ ഇസ്സാം അല്‍ നഹാമിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കര്‍ശനമായ റെയ്ഡ് നടന്നത്. പിടിയിലായവരില്‍ 280 പേരെ നാട് കടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായും, 744 പേരെ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് വിട്ടയച്ചതായും ആഭ്യന്തര മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

അതേസമയം ഈ വര്‍ഷം ഇത് വരെ തൊഴിലുടമകളില്‍ നിന്നും ഒളിച്ചോടിയവരുടെ 12,800 പരാതികളാണ്, തൊഴിലുടമകള്‍ മാന്‍ പവര്‍ അതോറിറ്റിക്ക് സമര്‍പ്പിച്ചിട്ടുള്ളത്. കൂടാതെ 244 വിവിധ രാജ്യക്കാരായ വിദേശി തൊഴിലാളികള്‍ തൊഴില്‍ വകുപ്പില്‍ പരാതി നല്‍കിയശേഷം താമസ രേഖ റദ്ദാക്കി രാജ്യം വിട്ടതായും മാന്‍ പവര്‍ അതോറിറ്റി തൊഴില്‍ വിഭാഗം മേധാവി അബ്ദുല്ല അല്‍ മാരി അറിയിച്ചു.

കൂടാതെ തൊഴിലാളികളില്‍ നിന്നും ലഭിച്ച പരാതികളില്‍ 4315 എണ്ണം മാന്‍ പവര്‍ അതോറിറ്റിക്ക് കേസിന്റെ തീര്‍പ്പിനു കഴിയാതെ തുടര്‍ നടപടികള്‍ക്കായി നീതി ന്യായ വിഭാഗത്തിന് കൈമാറിയതായും മാന്‍ പവര്‍ അതോറിറ്റി അറിയിച്ചു. അനധികൃത കുടിയേറ്റക്കാര്‍ക്കായുള്ള മിന്നല്‍ പരിശോധന ഇനിയും കര്‍ശനമായി തുടരുമെന്നാണ് ആഭ്യന്തര മന്ത്രാലയം സുരക്ഷാ വിഭാഗം മേധാവി അറിയിച്ചിരിക്കുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.