1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2018

സ്വന്തം ലേഖകന്‍: കുവൈറ്റില്‍ സ്ത്രീ തൊഴിലാളികളുടെ രാത്രി ജോലി സമയം സംബന്ധിച്ച് പുതിയ നിര്‍ദേശങ്ങളുമായി മാന്‍പവര്‍ അതോറിറ്റി. പുതിയ നിര്‍ദേശപ്രകാരം ഹെല്‍ത്ത് കെയര്‍ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, നിയമസ്ഥാപനങ്ങള്‍, ഫാര്‍മസികള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, മെഡിക്കല്‍ ലാബുകള്‍, നഴ്‌സറികള്‍, ഭിന്നശേഷിക്കാരുടെ കെയര്‍ സെന്ററുകള്‍, വ്യോമയാന സ്ഥാപനങ്ങള്‍, തിയറ്ററുകള്‍, ടിവിറേഡിയോ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനായി ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന കരാര്‍ സ്ഥാപനങ്ങള്‍, തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലുമുള്ള കൊമേഴ്‌സ്യല്‍ സ്റ്റോറുകള്‍, എന്നിവിടങ്ങളില്‍ രാത്രി ഷിഫ്റ്റ് ജോലികള്‍ നിയന്ത്രണവിധേയമാക്കും.

റമസാന്‍ ഒഴികെയുള്ള കാലങ്ങളില്‍ വനിതകള്‍ക്ക് ബാങ്കുകള്‍, റസ്റ്ററന്റുകള്‍, സന്നദ്ധസംഘടനകള്‍, കോഓപ്പറേറ്റീവ് സ്റ്റോറുകള്‍, വനിതാ സലൂണുകള്‍, ട്രാവല്‍ ഏജന്‍സികള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ അര്‍ധരാത്രിവരെ ഡ്യൂട്ടി ചെയ്യാം. പക്ഷേ അങ്ങനെ ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന വനിതാ ജീവനക്കാരുടെ സുരക്ഷാ സംവിധാനവും വാഹന സൗകര്യവും തൊഴിലുടമയുടെ ഉത്തരവാദിത്തമായിരിക്കും.

കൂടാതെ അഗ്‌നിശമന ജോലികള്‍, എണ്ണഖനനം,നിര്‍മാണ ജോലികള്‍, ഈയം, കല്‍ക്കരി, പാഷാണം, ഗന്ധകം, ആസ്ബസ്റ്റോസ് നിര്‍മാണശാലകള്‍, ക്ലോറിന്‍ സോഡ ഉത്പാദക കേന്ദ്രങ്ങള്‍, പെയിന്റ് കടകള്‍, വളം നിര്‍മാണശാലകളും ശേഖരണ കേന്ദ്രങ്ങളും, ഫാക്ടറികളും ഖനികളും, അറവുശാലകള്‍, കീടനാശിനി ഉത്പാദക കേന്ദ്രങ്ങള്‍, ഇരുമ്പ് അധിഷ്ഠിത ജോലികള്‍, ഇഷ്ടിക നിര്‍മാണ സ്ഥാപനങ്ങള്‍, തുടങ്ങിയ തൊഴില്‍ സ്ഥാപനങ്ങളില്‍ വനിതകള്‍ ജോലി ചെയ്യാന്‍ പാടില്ല എന്ന നിര്‍ദ്ദേശവും മാന്‍പവര്‍ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.

വനിതകള്‍ക്ക് വേണ്ടി മാത്രമുള്ള സ്ഥാപനങ്ങളില്‍ പുരുഷന്മാര്‍ ജോലി ചെയ്യാന്‍ അനുവാദംമില്ല. കൂടാതെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ വനിതാ ജീവനക്കാര്‍ക്ക് രണ്ട് മണിക്കൂര്‍ മുലയൂട്ടല്‍ അവധി നല്‍കാന്‍ തൊഴിലുടമകള്‍ നല്‍കണം. ഭര്‍ത്താവ് മരണപ്പെടുന്ന സംഭവങ്ങളില്‍ മുസ്ലിം വനിതകള്‍ക്ക് നാലുമാസവും പത്തുദിവസവും ശമ്പളത്തോടുകൂടിയ അവധിയും തൊഴില്‍ ഉടമകള്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.