1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2017

സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ അധികാരത്തിലെത്തിയാല്‍ ബ്രെക്‌സിറ്റ് ധവളപത്രം റദ്ദാക്കുമെന്ന് ലേബര്‍ പാര്‍ട്ടി, നടപ്പിലാക്കുക കര്‍ശന വ്യവസ്ഥകള്‍ ലഘൂകരിച്ച ‘സോഫ്റ്റ് ബ്രെക്‌സിറ്റ്’. ജൂണ്‍ എട്ടിനു നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ നിലവിലെ ബ്രെക്‌സിറ്റ് ധവളപത്രം റദ്ദാക്കുമെന്നും ബ്രെക്‌സിറ്റിലെ നിലവിലെ വ്യവസ്ഥകള്‍ ലഘൂകരിക്കുന്ന നയമാണ് സ്വീകരിക്കുകയെന്നും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി പ്രഖ്യാപിച്ചു.

യൂറോപ്യന്‍ യൂണിയനുമായി സഹകരിച്ച് മുന്നോട്ടു പോകുന്ന ഈ നയപ്രകാരം നിലവില്‍ ബ്രിട്ടനിലുള്ള ഇ.യു പൗരന്മാരെ തുടരാന്‍ അനുവദിക്കുമെന്നും ഏകീകൃത യൂറോപ്യന്‍ വിപണിയിലും കസ്റ്റംസ് യൂനിയനിലും നിലനില്‍ക്കാനുമുള്ള ചര്‍ച്ചകള്‍ക്കാകും മുന്‍ തൂക്കമെന്നും ലേബര്‍ പാര്‍ട്ടിയുടെ ഷാഡോ ബ്രെക്‌സിറ്റ് മന്ത്രി സര്‍ കിയര്‍ സ്റ്റാമര്‍ വ്യക്തമാക്കി. 30 ലക്ഷം ഇ.യു പൗരന്മാര്‍ ബ്രിട്ടനില്‍ കഴിയുന്നുണ്ട്. അതുപോലെ 12 ലക്ഷം ബ്രിട്ടീഷ് പൗരന്മാര്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും താമസിക്കുന്നുണ്ട്. ഇവരുടെ സുരക്ഷയും ഉറപ്പുവരുത്തും.

ബ്രക്‌സിറ്റ് വിരുദ്ധരുടെ പിന്തുണ ആര്‍ജിക്കാനും തിരഞ്ഞെടുപ്പിനു ശേഷം ബ്രക്‌സിറ്റിനെ തുറന്ന് എതിര്‍ക്കുന്ന സ്‌കോട്ടീഷ് നാഷണല്‍ പാര്‍ട്ടി, ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്നിവരുമായുള്ള സഖ്യസാധ്യതകള്‍ തുറന്നിടാനുമാണ് സോഫ്റ്റ് ബ്രക്‌സിറ്റ് എന്ന നയവുമായി ലേബര്‍ പാര്‍ട്ടി രംഗത്തെത്തിയിരിക്കുന്നത്. ബ്രക്‌സിറ്റ് വിരുദ്ധരെ കൂട്ടിയിണക്കിക്കൊണ്ട് മുന്‍ പ്രധാനമന്ത്രിയും ലേബര്‍ നേതാവുമായ ടോണി ബ്ലെയര്‍ പദ്ധതിയിടുന്ന പുതിയ രാഷ്ട്രീയ മുന്നേറ്റത്തിനു തടയിടാനും ഈ പ്രഖ്യാപനത്തിലൂടെ ലേബര്‍ നേതാക്കള്‍ ലക്ഷ്യമിടുന്നു.

ഒപ്പം 1972ലെ യൂറോപ്യന്‍ കമ്മീഷന്‍ നിയമത്തെ മറികടക്കാന്‍ സര്‍ക്കാര്‍ പാസാക്കിയ പുതിയ നിയമം (ഗ്രേറ്റ് റിപ്പീല്‍ ബില്ല്) ഭേദഗതി ചെയ്യുമെന്നും ലേബര്‍ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ തെരേസാ മേയുടേയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടേയും ബ്രെക്‌സിറ്റ് മാര്‍ഗരേഖ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ അടിമുടി പൊളിച്ചെഴുതുമെന്ന് ഉറപ്പായി. കൂടാതെ കര്‍ശന വ്യവസ്ഥകളോടെ ബ്രെക്‌സിറ്റ് ആഗ്രഹിക്കുന്ന വോട്ടര്‍മാര്‍ക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും ലഘൂകരിച്ച വ്യവസ്ഥകളോടെ ബ്രെക്‌സിറ്റിനെ പിന്തുണക്കന്നവര്‍ക്ക് ലേബര്‍ പാര്‍ട്ടിക്കും വോട്ടു ചെയ്യാവുന്ന നിലയിലാണ് ഇപ്പോഴത്തെ സ്ഥിതിഗതികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.